വാഷിംഗ്ടണ്‍: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐയുടെ തലവൻ ജെയിംസ് കോമിയെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതാണ് ഉത്തരവ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഡയറക്ടറെ പുറത്താക്കിയത്. ഹില്ലരി ക്ലിന്റണെതിരായ ഇമെയിൽ വിവാദത്തിന്റെ അന്വേഷണം തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതിനാണ് പുറത്താക്കിയതെന്ന് വൈറ്റ്ഹൗസ് വക്താവ് സീൻ സ്പൈസർ പറഞ്ഞു. പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ റഷ്യയും ട്രംപിന്റെ സംഘവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എഫ്ബിഐ അന്വേഷത്തിന്റെ പേരിലാണ് കോമിയെ പുറത്താക്കിയതെന്നാണ് ഡെമോക്രാറ്റിക് നേതാക്കൾ ആരോപിക്കുന്നത്. ഹില്ലരി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത് സംബന്ധിച്ച് പൊതു പ്രസ്താവനകള്‍ നടത്തുക വഴി കോമി നീതി വകുപ്പിന്റെ നടപടി ക്രമങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. എഫ്ബിഐ ഡയറക്ടറുടെ പുറത്താക്കല്‍ സംബന്ധിച്ചു അറ്റോര്‍ണി ജനറലും ഡെപ്യൂട്ടി അറ്റോര്‍ണി ജനറലും നല്കിയ ശുപാര്‍ശ പ്രസിഡന്റ് അംഗീകരിച്ചുവെന്നും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഹില്ലരിയുടെ പല ചീത്ത കാര്യങ്ങള്‍ക്കും കോമി അനുമതി നല്കിയെന്നു ട്രംപ് വിമര്‍ശിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തിൽ ഒൗദ്യോഗിക സന്ദേശങ്ങൾ അയക്കാൻ ഹില്ലരി സ്വകാര്യ ഇമെയിൽ സെർവർ ഉപയോഗിച്ചു എന്നതായിരുന്നു ആരോപണം. കഴിഞ്ഞവർഷം നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഇത് വലിയ ചർച്ചയായി ഉയർന്നു വന്നിരുന്നു. ഇതേത്തുടർന്നു ഹില്ലരിയുടെ സെർവറെക്കുറിച്ചും ഇമെയിലുകളെ കുറിച്ചും പുനരന്വേഷണം നടത്താൻ എഫ്ബിഐ തീരുമാനിക്കുകയായിരുന്നു.