കൊച്ചി: ഡിജിറ്റല്‍ രംഗത്തെ പുത്തന്‍ ചുവട്വെയ്പിന്റെ ഭാഗമായി ഡിജിറ്റല്‍ വ്യക്തിഗത വായ്പയെന്ന പുതിയ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് രൂപം നല്‍കി. ബാങ്കിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അനുവദിച്ചാലുടന്‍ അത് ഇടപാടുകാരുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകുകയും ചെയ്യും. ഇടപാടുകാരന്‍ ഇതിനായി ബാങ്കിന്റെ ശാഖയിലെത്തുകയോ ഏതെങ്കിലും രേഖകളില്‍ ഒപ്പിടുകയോ ചെയ്യേണ്ടതില്ല. ദിവസത്തില്‍ ഏതുസമയത്തും ഈ സൗകര്യം ലഭ്യവുമാണ്.
ബാങ്ക് ആവിഷ്കരിച്ച ബിവൈഒഎം (ബീ യുവര്‍ ഓണ്‍ മാസ്റ്റര്‍) ഡിജിറ്റല്‍ റീട്ടെയില്‍ വായ്പകളുടെ നിരയില്‍ മൂന്നാമത്തേതാണ് ഡിജിറ്റല്‍ വ്യക്തിഗത വായ്പ.
ഡിജിറ്റല്‍ കാര്‍ വായ്പയും ടേം നിക്ഷേപങ്ങളിലുള്ള വായ്പയുമാണ് ആദ്യ രണ്ടെണ്ണം. ബാങ്കിംഗ് എന്നത് എപ്പോഴും സന്തോഷകരമായ അനുഭവമായിരിക്കണമെന്നതാണ് തങ്ങളുടെ നയമെന്നും ഡിജിറ്റല്‍ വ്യക്തിഗത വായ്പ അതിന്റെ ഭാഗമാണെന്നും ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു. വായ്പ അനുവദിക്കുന്നതിന്റെ ഒരു ഘട്ടത്തിലും കടലാസിന്റെ ഉപയോഗം ആവശ്യമായി വരില്ല. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട നിലവിലുള്ള ഇടപാടുകാര്‍ക്കായിട്ടാണ് ആദ്യഘട്ടത്തില്‍ ഇതേര്‍പ്പെടുത്തുന്നത്.
മൊബൈല്‍ ഫോണും എടിഎമ്മുകളും വഴി എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാകും വിധത്തില്‍ ഡിജിറ്റല്‍ വായ്പാസൗകര്യം വൈകാതെ വിപുലമാക്കും. ഈ സാമ്ബത്തിക വര്‍ഷത്തില്‍ 75% വാര്‍ഷിക വളര്‍ച്ചയാണ് ബാങ്കിന്റെ ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതുപോലുള്ള സൗകര്യപ്രദമായ ഉല്‍പന്നങ്ങളിലൂടെയും വരാനിരിക്കുന്ന ഒരുപിടി ഡിജിറ്റല്‍ നൂതനത്വങ്ങളിലൂടെയും ഈ വര്‍ഷം 200% ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.