കണ്ണൂര്‍: കേളകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ നാട്ടുകാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിസംബര്‍ 13 ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ബാങ്കില്‍ പണമില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ തടഞ്ഞുവെയ്ക്കുകയും ബാങ്കിനുള്ളിലേക്ക് കടത്തിവിടുകയും ചെയ്തില്ല. മൂന്നു ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് ബാങ്കുകള്‍ തുറന്നത്. നിരവധി പേരാണ് പണം വാങ്ങാനായി അതിരാവിലെ തന്നെ കേളകം ഫെഡറല്‍ ബാങ്ക് ശാഖയിലെത്തിയിരുന്നത്. ബാങ്ക് തുറക്കാനെത്തിയ ജീവനക്കാര്‍ ബാങ്കില്‍ പണമില്ലെന്ന് പറഞ്ഞതോടെ രോഷാകുലരായ നാട്ടുകാര്‍ ജീവനക്കാര്‍ക്ക് നേരെ തിരിയുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ ബാങ്കിന് മുന്നില്‍ തടിച്ചുകൂടിയതും പ്രശ്നങ്ങള്‍ വഷളാക്കി. തുടര്‍ന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ബാങ്ക് അധികൃതരും ഉപഭോക്താക്കളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുകയും 12 മണിയോടെ ബാങ്ക് തുറക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറന്നെങ്കിലും സംസ്ഥാനത്തെ മിക്ക ബാങ്കുകളിലും ആവശ്യത്തിന് പണമില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കോട്ടയം ഉഴവൂര്‍ എസ്ബിടി ശാഖയിലും ഉപഭോക്താക്കള്‍ പ്രതിഷേധിച്ചിരുന്നു.