നിപ്മറിൽ ഫീഡിംഗ് ഡിസോഡർ ക്ലിനിക് ; മന്ത്രി ഡോ. ബിന്ദു

19

കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കു ടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഫീഡിംഗ് ഡിസോഡർ ക്ലിനിക് ആരംഭിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികൾ കഴിക്കാൻ കൂട്ടാക്കാറില്ല. ഇത് കുട്ടികളെ പോഷണക്കുറവിലേക്കും മറ്റു രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനമാണ് ഫീഡിംഗ് ഡിസോഡർ ക്ലിനിക്. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകൾ തയ്യാറാക്കുന്നതിനും അവ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം സജീവമായി ഇടപെടും. ഡയറ്റീഷൻ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവരടങ്ങുന്ന ടീം ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഡയറ്റീഷന്റെ നേതൃത്വത്തിൽ ഓരോ കുട്ടിയുടേയും ഭക്ഷണ ‘ശീലവും ഭക്ഷണക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ് ആവശ്യമായ മെനു പ്ലാൻ തയ്യാറാക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ആണ്. ഭക്ഷണവസ്തുക്കളുടെ മൃദുത്വം, രൂപം, രുചി എന്നിവ കുട്ടിക്ക് സ്വീകാര്യവും സുഖകരവുമാക്കി മാറ്റുന്നതിന് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് സഹായിക്കും.

ഭക്ഷണം ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ മോട്ടോർ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സ്പീച്ച് തെറാപ്പിസ്റ്റ് നൽകും. കഥകൾ, പാചക പരീക്ഷണങ്ങൾ എന്നിവയിലൂടെ കുട്ടികളിൽ ഭക്ഷണത്തോടുള്ള താല്പര്യം വളർത്തുക, കുട്ടികളുടെ ചലന സംബന്ധമായ കഴിവുകൾ, സമൂഹത്തോടുള്ള ഇടപെടലുകൾ എന്നിവ മെച്ചപ്പെടുത്തുക, ഭക്ഷണം സ്വയം കഴിക്കുന്നതിനുള്ള താല്പര്യം വളർത്തിയെടുക്കുക എന്നിവക്ക് സ്‌പെഷ്യൽ എഡ്യുക്കേറ്റർ മേൽനോട്ടം വഹിക്കും.

തുടക്കത്തിൽ മൂന്നുമാസ കാലയളവുള്ള പരിശീലന പദ്ധതിക്കാണ് നിപ്മർ രൂപം നൽകിയിട്ടുള്ളത്. രണ്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള ക്ലിനിക്കാണിത്. പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്‌ട്രേഷനായി 9288099582 എന്ന നമ്പറിൽ ബന്ധപ്പെടാം – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

NO COMMENTS

LEAVE A REPLY