ബി.എസ്.എന്‍.എല്ലിന് പ്രതീക്ഷയായി ഫൈബ്രോനെറ്റ് ലാന്‍ഡ്ഫോണ്‍.

231

തൃശ്ശൂര്‍: ബി.എസ്.എന്‍.എല്ലിന് പ്രതീക്ഷയായി ആധുനിക കാലത്തിന് ഇണങ്ങുന്ന അതിവേഗ ഇന്‍ര്‍നെറ്റും കേബിള്‍ ടി.വി.യും മൊബൈലില്‍ കോള്‍ ചെയ്യാവുന്ന ലാന്‍ഡ്ഫോണും ഒറ്റ കണക്ഷനില്‍ എത്തിക്കുന്ന ലാന്‍ഡ്ഫോണ്‍ സംവിധാനം തൃശ്ശൂര്‍ ജില്ലയിലെ അന്നമനട എക്‌സ്‌ചേഞ്ച് പരിധിയില്‍ നടപ്പാക്കി. ബി.എസ്.എന്‍.എല്‍. ഫൈബ്രോനെറ്റ് എന്ന ലാന്‍ഡ്ഫോണ്‍ വൈകാതെ കേരള സര്‍ക്കിള്‍തലത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാജ്യത്താകെ നടപ്പാക്കുന്നതിനെ ക്കുറിച്ച് അധികൃതര്‍ പരിശോധിച്ചു വരുന്നു .
ലാന്‍ഡ്ഫോണിലെ കോളുകള്‍ മൊബൈലില്‍ (വൈഫൈ പരിധിയില്‍) സ്വീകരിക്കാം. മൊബൈലില്‍നിന്ന് ലാന്‍ഡ്ഫോണിന്റെ കോളുകളും വിളിക്കാം. മൊബൈലിലെ കോണ്‍ടാക്‌ട് ലിസ്റ്റ് ഉപയോഗപ്പെടുത്താം. സിപ് ക്ലൈന്റ് എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ് എന്നിവയിലും ലാന്‍ഡ്ഫോണ്‍ കോളുകള്‍ വിളിക്കാം. ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍
ഇന്റര്‍നെറ്റിന് ഇഴച്ചിലില്ല

ലാന്‍ഡ്‌ഫോണിലേക്ക് വരുന്ന കോളിന് പി.ബി.എക്‌സ് സൗകര്യം. ഉദാ:- ഗ്രേസ് വില്ലയിലേക്ക് സ്വാഗതം. തോമസിനെയാണ് വേണ്ടെതെങ്കില്‍ 1 അമര്‍ത്തുക. ഗ്രേസിയെയാണ് വേണ്ടെതെങ്കില്‍ 2 അമര്‍ത്തുക. എബിനെയാണ് വേണ്ടെങ്കില്‍ 3 അമര്‍ത്തുക. വൈഫൈ പരിധിയില്‍ അവരവരുടെ മൊബൈലിലേക്ക് കോളുകളെത്തും. (ഈ സംവിധാനം അവസാന ട്രയലിലാണ്.)

മൂന്ന് പ്ലാനുകള്‍. 10 എം.ബി.പി.എസ് സ്പീഡിന് മാസം 599 രൂപ. 50 എം.ബി.പി.എസ്-777രൂപ. 100 എം.ബി.പി.എസ്-1277രൂപ.

800-ല്‍ പരം ടി.വി.ചാനലുകള്‍. ടി.വി.കാണുമ്ബോള്‍ ഡേറ്റ കുറയുന്നില്ല. 100 രൂപ മുതല്‍ ചാനല്‍ പാക്കേജ്. 100 എം.ബി.പി.എസിന്റെ പാക്കേജില്‍ ചാനലിന് പ്രത്യേകം തുക വേണ്ട. മൊബൈലിലും ഇതേ പാക്കേജുകള്‍ ആക്ടിവേറ്റ് ചെയ്യാം.

സ്മാര്‍ട്ട് ടി.വി. ഇല്ലാത്തവര്‍ക്ക് ആന്‍ഡ്രോയ്ഡ് ബോക്‌സ് ഉപയോഗിച്ച്‌ സ്മാര്‍ട്ട് ടി.വി. ആക്കാം. ഇത് വാങ്ങേണ്ടിവരും(2000 രൂപ). ഇതില്‍നിന്നുള്ള ഔട്ട്പുട്ടിന് ഏതെങ്കിലും ടി.വി.യുടെ സ്‌ക്രീന്‍ മാത്രം മതി.
ഇന്‍ര്‍നെറ്റ് കോളുകളും ചെയ്യാം.
ആദ്യ ചെലവ് ഇങ്ങനെ

ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്-1000 രൂപ. ഫൈബര്‍ മോഡം-1250 രൂപ. വൈഫൈ റൂട്ടര്‍ -750 രൂപ. മോഡവും റൂട്ടറും ഉപഭോക്താവിന് വാങ്ങാനും സ്വാതന്ത്ര്യമുണ്ട്.

മുന്‍നിര സ്വകാര്യ കമ്ബനിയുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്ബോള്‍

സ്വകാര്യ കമ്ബനി-പ്ലാന്‍ 699

100 എം.ബി.പി.എസ്. സ്പീഡ്. ഈ സ്പീഡ് 100 ജി.ബി ഡേറ്റവരെ മാത്രം. അതുകഴിഞ്ഞ് സ്പീഡ് ഒരു എം.ബി.പി.എസിലേക്ക് താഴും. ടി.വി. പ്രവര്‍ത്തിക്കുമ്ബോഴും ഡേറ്റ കുറയും. ഒരു എം.പി.ബി.എസില്‍ ടി.വി. സിഗ്‌നല്‍ ശേഷി കുറയും. ടി.വി.യും ഫോണും ഇന്‍ര്‍നെറ്റും പ്രവര്‍ത്തിക്കുന്നത് ഒറ്റ ബാന്‍ഡ് വിഡ്ത്തിലാണ്.

ബി.എസ്.എന്‍.എല്‍- പ്ലാന്‍ 777

50 എം.ബി.പി.എസ്. സ്പീഡ്. ഈ സ്പീഡ് 500 ജി.ബി.വരെ. അതുകഴിഞ്ഞ് രണ്ട് എം.ബി.പി.എസിലേക്ക് താഴും. ടി.വി. പ്രവര്‍ത്തിക്കുമ്ബോള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. ഇന്‍ര്‍നെറ്റും ടി.വി.യും ഫോണും പ്രവര്‍ത്തിക്കുന്നത് മൂന്ന് പ്രത്യേക ബാന്‍ഡ് വിഡ്ത്തില്‍.

വഴിത്തിരിവായി ഫൈബര്‍ ടു ദ ഹോം

പുത്തന്‍ ലാന്‍ഡ് ഫോണിന്റെ വരവിലേക്ക് വഴിതെളിച്ചത് എങ്ങുമെത്തതെപോയ ഫൈബര്‍ ടു ദ ഹോം പദ്ധതി. രാജ്യത്തെ എല്ലാ എക്‌സ്ചേഞ്ചുകളിലും ബി.എസ്.എന്‍.എല്ലിന്റെ അതിവേഗ ഇന്‍ര്‍നെറ്റ് ശേഷിയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുണ്ട് (ഒ.എഫ്.സി.). ഇപ്പോള്‍ ഈ കേബിളുകളില്‍നിന്ന് വീടുകളിലേക്ക് രണ്ടു ചെമ്ബുകമ്ബികളിലാണ് കണക്ഷന്‍ എത്തിക്കുന്നത്. ഇതുതന്നെയാണ് ലാന്‍ഡ് ഫോണിന്റെ അന്തകനായതും. പലയിടത്തും പ്രശ്നങ്ങളുണ്ടായി. കണക്ഷനുകള്‍ നന്നായി കൊഴിഞ്ഞു.

2008-ല്‍ ബി.എസ്.എന്‍.എല്‍. ഉണ്ടാക്കിയ ഒരു വ്യവസ്ഥ അനീഷും അനൂപും പൊടിതട്ടിയെടുത്തതോടെ കഥയുടെ ഗതിമാറി. ഒ.എഫ്.സി. കേബിളുകള്‍ വഴി വീടുകളിലേക്ക് കണക്ഷന്‍ കൊടുക്കാന്‍ സ്വകാര്യ സംരംഭകരുടെ സഹായം തേടാമെന്ന ഫൈബര്‍ ടു ദ ഹോം (എഫ്.ടി.ടി.എച്ച്‌.) പദ്ധതിയാണ് ഇവര്‍ പുനരുജ്ജീവിപ്പിച്ചത്. സ്വകാര്യ സംരംഭകര്‍ക്ക് ബില്‍തുകയുടെ പകുതി കൊടുക്കും.

മറ്റ് ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍ ഇതില്‍ പങ്കാളിയായെങ്കിലും ബി.എസ്.എന്‍.എല്ലിന്റെ സേവനം എത്തിക്കുന്നതില്‍ അവര്‍ താത്പര്യം കാട്ടിയില്ല. ഇതിനാലാണ് അന്നമനടയില്‍ ബി.എസ്.എന്‍.എല്ലിനു മാത്രമായി സംരംഭകരെ കണ്ടെത്തിയത്. അനിയോമാക്സ് എന്ന സേവനദാതാക്കള്‍ ഈ ദൗത്യം ഏറ്റെടുത്തു. അവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് അപേക്ഷവാങ്ങി ബി.എസ്.എന്‍.എല്‍. ജീവനക്കാരെ ഏല്‍പ്പിച്ചു. പരിശോധനയ്ക്കുശേഷം ഒന്നൊന്നായി കണക്ഷനുകള്‍ കൊടുത്തു.

ഒരാഴ്ച കൊണ്ട് 35 കണക്ഷനുകള്‍. 200 അപേക്ഷകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് ആള്‍ക്കാര്‍ അപേക്ഷകള്‍ വാങ്ങിപ്പോകുന്നു. കണക്ഷന്‍ കൊടുക്കുന്നതും ബില്‍തുക പിരിക്കുന്നതും പിന്നീടുള്ള സേവനങ്ങളും സേവനദാതാവ് നിര്‍വഹിക്കും. കണക്ഷന്‍ കിട്ടിയവര്‍ നൂറുശതമാനം തൃപ്തരാണ്. അന്നമനടയിലെ വിജയമറിഞ്ഞ് കേരളത്തിലെ വിവിധ എക്‌സ്ചേഞ്ചുകളില്‍നിന്ന് അന്വേഷണം എത്തുന്നുണ്ട്.

കൊച്ചിയില്‍ എക്‌സിക്യുട്ടീവ് ജീവനക്കാരുടെ സംഘടന സംഘം രൂപവത്കരിച്ച്‌ സേവനദാതാക്കളാവാന്‍ തയ്യാറെടുക്കുന്നു. സേവനദാതാക്കളാവാന്‍ താത്പര്യമുള്ളവര്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉചിതമായ ഒരു മേഖലയാണിത്.

എക്‌സ്ചേഞ്ചില്‍നിന്നുള്ള ഒരു ഒ.എഫ്.സി. കേബിളില്‍നിന്ന് 128 കണക്ഷനുകള്‍ കൊടുക്കാം. ഇത്തരത്തിലുള്ള എട്ടുകേബിളുകളാണ് ഇവിടെയിട്ടത്. അങ്ങനെ 1024 കണക്ഷനുകള്‍ ആദ്യഘട്ടത്തില്‍ കൊടുക്കും. കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ വഴിയാണ് കേബിള്‍ വലിക്കുന്നത്.ഇത്രയും കൊടുക്കാന്‍ എക്‌സ്ചേഞ്ചില്‍വെക്കുന്ന ഉപകരണത്തിന്റെ വലിപ്പം വലിയ അലമാരയുടെ നാലിലൊന്നു മാത്രം. വൈദ്യുതിക്ക് ചെലവാകുന്നത് മാസം 200 രൂപയില്‍ താഴെയും.

NO COMMENTS