ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയ്ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാൾ. കമ്മ്യൂണിസ്റ്റ് ക്യൂബയുടെ സ്ഥാപക നേതാവിന് ആശംസകൾ നേരാൻ ക്യൂബൻ നിരത്തുകൾ ഒരുങ്ങിക്കഴിഞ്ഞു.
1959ൽ ചെഗുവേരയുൾപ്പെട്ട സംഘത്തിന്‍റെ തലവനായി ക്യൂബയുടെ ഭരണം പിടിച്ചടക്കിയതോടെയാണ് ഫിഡൽ അലജാന്‍ഡ്രോ കാസ്ടോ റൂസ് എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പേര് ലോകചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. അന്നു മുതല് അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ കാസ്ട്രോയുടെ ജീവിതം എന്നും പോരാട്ടങ്ങളുടേതായിരുന്നു. ക്യൂബന്‍ ഭരണത്തെ ഇല്ലാതാക്കാന്‍ 638 തവണയാണ് ശത്രുക്കള്‍ ഫിഡലിന്റെ ജീവന്‍ കവരാന്‍ ശ്രമിച്ചത്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും മറ്റ് ശത്രുക്കളും ഫിഡല്‍ കാസ്ട്രോയെ കൊല്ലാന് ശ്രമിച്ചതും ഫിഡലിന്റെ രക്ഷപ്പെടലുമാണ് കാസ്ട്രോയെ കൊല്ലാന്‍ 638 വഴികള്‍ എന്ന പേരില്‍ 2006ല്‍ പുറത്തിറങ്ങിയ വിഖ്യാത ഡോക്യമെന്ററിയുടെ ഇതിവൃത്തം. ചിലപ്പോള്‍ അതിസാഹസികമായി രക്ഷപ്പെട്ട കാസ്ട്രോ മറ്റു ചിലപ്പോള്‍ കൊല്ലാന്‍വന്നവരെ ഇളിഭ്യരാക്കി.
കാസ്ട്രോയെന്നാൽ ക്യൂബക്കാർക്ക് എല്ലാമെല്ലാമാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്ന് നാളേറെയായെങ്കിലും പ്രിയപ്പെട്ട കമാന്‍ററുടെ നവതിയാഘോഷം വർണാഭമാക്കാനാണ് ക്യൂബൻ ജനതയുടെ തീരുമാനം. പിറന്നാളോഘോഷത്തിന്‍റെ ഭാഗമായി ക്യൂബൻ സർക്കാർ തലസ്ഥാനമായ ഹവാനയിൽ ഫിഡലിന്‍റെ അപൂർവ്വ ചിത്രങ്ങളടങ്ങിയ ചിത്രപ്രദർശനവും നടത്തി. സാമ്പത്തിക ഉപരോധമേപ്പെടുത്തി ക്യൂബ ഭരണത്തെ താഴെയിറക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ അഞ്ച് പതിറ്റാണ്ടു കാലം തടഞ്ഞുനിര്‍ത്തിയ കാസ്ട്രോ ആരോഗ്യപരമായ കാരണങ്ങളാല്‍ 2008ല്‍ ഭരണം അനുജന്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറും വരെ അമേരിക്ക ക്യൂബയുടെ പടിക്ക് പുറത്ത് തന്നെയായിരുന്നു.പുതിയ കാലത്ത് ക്യൂബയും സാമ്പത്തിക മുന്നേറ്റത്തിനായി വിട്ടു വീഴ്ചയുടെ പാതയിലാണ്. വീറുറ്റ പ്രസംഗവുമായി ആവേശം കൊള്ളിക്കാന് ആരാധ്യനായ നേതാവ് ഇന്ന് രംഗത്തെത്തുമോയെന്നാണ് ക്യൂബ കാത്തിരിക്കുന്നത്.