ലോകകപ്പ് ഫുട്ബോളിൽ സ്വീഡനെതിരെ ജർമനിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമനി സ്വീഡനെ പരാജയപെടുത്തിയത്. മത്സരത്തിൽ മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും അതൊന്നും ഗോളാക്കാൻ പറ്റാതെ പോയത് ആദ്യ പകുതിയിൽ ജർമനിക്ക് തിരിച്ചടിയാവുകയായിരുന്നു. ടോയ് വേനോന്റെ മുന്നേറ്റം ന്യൂയർ രക്ഷിച്ചതും സ്വീഡന് തിരിച്ചടിയായി. ഈ മുന്നേറ്റത്തിൽ ടോയ് വേനോയെ ഫൗൾ ചെയ്തതിനു സ്വീഡൻ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. എന്നാൽ അധികം വൈകാതെ തന്നെ ടോയ് വേനോനിലൂടെ സ്വീഡൻ ഗോൾ നേടി സ്വീഡൻ ജർമനിയെ ഞെട്ടിച്ചു. ക്ലാസ്സാന്റെ പാസിൽ നിന്നാണ് ടോയ് വേനോൻ ഗോൾ നേടിയത്.
ഗോൾ നേടിയതോടെ മത്സരത്തിൽ ആത്മവിശ്വാസം വീണ്ടെടുത്ത സ്വീഡൻ രണ്ടു തവണ ഗോളിന് അടുത്ത എത്തിയെങ്കിലും ഗോൾ നേടാനായില്ല. ഒരു തവണ സ്വീഡന്റെ ശ്രമം ന്യൂയർ തടഞ്ഞപ്പോൾ മറ്റൊരു തവണ ക്ലാസൺ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ ഗോമസിനെ ഇറക്കി മാറ്റങ്ങളുമായി ഇറങ്ങിയ ജർമനി തുടക്കം മുതൽ സ്വീഡൻ ഗോൾ മുഖം ആക്രമമിക്കുകയും അതിന്റെ പ്രതിഫലമെന്നോണം റൂയിസിലൂടെ സമനില പിടിക്കുകയായിരുന്നു.
സമനില പിടിച്ചതോടെ നിരന്തരം സ്വീഡൻ ഗോൾ മുഖത്ത് ജർമനി ആക്രമണം അഴിച്ചുവിട്ടെങ്കിലും സ്വീഡൻ പ്രതിരോധം ഉറച്ചു നിന്നതോടെ ജർമനിയുടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. 82ആം മിനുട്ടിൽ ബോട്ടങ് രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ടതോടെ കൂടി അവസാന മിനിറ്റുകളിൽ 10 പേരുമായാണ് ജർമനി മത്സരം പൂർത്തിയാക്കിയത്. പക്ഷെ 10 പേരായിട്ടു ചുരുങ്ങിയിട്ടും സ്വീഡൻ ഗോൾ മുഖം നിരന്തരം ആക്രമിച്ച ജർമനി പലതവണ ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾപോസ്റ്റിൽ ഓൾസന്റെ രക്ഷപെടുത്തൽ സ്വീഡന്റെ രക്ഷക്കെത്തുകയായിരുന്നു.
തുടർന്ന് ഇഞ്ചുറി ടൈമിൽ ബ്രാൻഡിറ്റിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചെങ്കിലും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ടോണി ക്രൂസിന്റെ ഗോളിൽ ജർമനി ജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ
ജർമനി പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കി.