ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലി യന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 35-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്.ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
ആദ്യപകുതിയിലെ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയ പ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മത്സരത്തിലെ ഏക ട്വിസ്റ്റ്.
രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. കിക്കോഫായി നാലാം മിനുറ്റില്‍ ഗോമസിന്‍റെ ക്രോസ് ബാക്കസിന്‍റെ കയ്യില്‍ തട്ടിയപ്പോള്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 18-ാം മിനുറ്റില്‍ ഓസീസ് മുന്നേറ്റം ഗോള്‍ലൈനിനരികെ ഡി പോള്‍ തടുത്തു. അര്‍ജന്‍റീനന്‍ താരങ്ങളെ ബോക്‌സിലേക്ക് കയറാന്‍ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റില്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്.
അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ മെസി വല ചലിപ്പിക്കുകയും ചെയ്തു.