റവന്യൂ വകുപ്പില്‍ ഫയല്‍ അദാലത്ത്; 2400ലേറെ ഫയലുകള്‍ തീര്‍പ്പായി

128

കണ്ണൂർ : ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ജില്ലാതലത്തില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ 2400ലേറെ ഫയലുകള്‍ തീര്‍പ്പാക്കി. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫയല്‍ അദാലത്ത്. ജില്ലയില്‍ റവന്യൂ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ പലകാരണങ്ങളാല്‍ തീര്‍പ്പാവാതെയുണ്ടായിരുന്ന ഫയലുകളാണ് അദാലത്തില്‍ പരിഗണനയ്‌ക്കെടുത്തത്. കീഴ് ഓഫീസുകളില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടാത്തത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനും നടപടികള്‍ വേഗത്തിലാക്കുവാനും അദാലത്തിലൂടെ സാധിച്ചു.

ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകള്‍, രണ്ട് സബ് ഡിവിഷന്‍ ഓഫീസുകള്‍, സ്‌പെഷ്യല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ ഫയലുകളിലാണ് ബന്ധപ്പെട്ട ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ തീര്‍പ്പു കല്‍പ്പിച്ചത്.

ആശ്രിത നിയമനങ്ങള്‍, റവന്യൂ റിക്കവറി, വിവിധ കൈയേറ്റങ്ങള്‍, ഭൂരേഖകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകള്‍, വിവിധ നഷ്ടപരിഹാരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തുടങ്ങിയ ഫയലുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. ജില്ലാതല ഫയല്‍ അദാലത്തിന് തുടര്‍ച്ചയായി താലൂക്ക്-സബ് ഡിവിഷന്‍ തലങ്ങളിലും ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.

ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ എല്ലാ ഓഫീസുകളിലും ആഴ്ചയില്‍ നിശ്ചിത ദിവസം ചുരുങ്ങിയത് ഒരു മണിക്കൂര്‍ വീതം ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പഴയ ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനോടൊപ്പം പുതിയ അപേക്ഷകളില്‍ സമയബന്ധിതമായി നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

NO COMMENTS