വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ അംഗങ്ങൾക്കും പെൻഷണർമാർക്കും കുടിയേറ്റ തൊഴിലാളികൾക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങൾക്ക് 50,000 രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5000 രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്. മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും വിതരണം ചെയ്തു.
32 പേർക്കായി 15,35,000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തിൽ ബോർഡ് വിതരണം ചെയ്തത്. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം. സുനിൽ അധ്യക്ഷനായിരുന്നു. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, സലിം തെന്നിലപുരം, റ്റി.എം. ജമീല, പ്രശാന്ത്, അക്കൗണ്ട്സ് ഓഫീസർ ശാലീന ഡി.എൽ, എക്സിക്യൂട്ടീവ് ഓഫീസർ ബിജു പി, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.