ന്യൂഡല്‍ഹി:2015- ഏപ്രില്‍ പത്തിന് ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം റദ്ദു ചെയ്തായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 36 വിമാനങ്ങള്‍ വാങ്ങാനുള്ള മോദി സര്‍ക്കാരിന്റെ കരാര്‍ പ്രകാരം ഒരു യുദ്ധവിമാനത്തിന്റെ വിലയില്‍ 41.42 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്ക്.
യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ വില കുറച്ചാണ് മോദി സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ ഇത് ബെയര്‍ ബോണ്‍ വിമാനങ്ങളായിരുന്നു. ഇതിന്റെ ഡിസൈനിനും അനുബന്ധ സാങ്കേതിക വികസനത്തിനുമായി 140 കോടി യൂറോയുടെ അനുബന്ധ കരാര്‍ കൂടി ഇന്ത്യ ഒപ്പിട്ടു. ഇതോടെ വിമാനത്തിന്റെ ചെലവ് യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മൂന്നിരട്ടി ഉയര്‍ന്നു.
2007-ല്‍ യുപിഎ സര്‍ക്കാര്‍ കരാറിനായി ടെണ്ടര്‍ ക്ഷണിക്കുന്പോള്‍ 79.3 ദശലക്ഷം യൂറോയായിരുന്നു ഒരു യുദ്ധവിമാനത്തിന്റെ ഏറ്റവും കുറഞ്ഞ കരാര്‍ തുക. ഇതനുസരിച്ച് 18 വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും 108 വിമാനങ്ങള്‍ എച്ച്എഎലില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം. ഈ കരാര്‍ ഇടയ്ക്കു വച്ച് മുടങ്ങി. 2011-ല്‍ ലഭിച്ച ടെണ്ടര്‍ അനുസരിച്ച് 100.85 ദശലക്ഷം യൂറോയാണ് ഒരു യുദ്ധവിമാനത്തിനു ചെലവുവരുന്നത്. 2016-ല്‍ ഈ തുകയില്‍നിന്ന് ഒന്‍പതു ശതമാനം വിലക്കുറവില്‍ ഒരു യുദ്ധവിമാനത്തിന് 91.75 ദശലക്ഷം യൂറോ എന്ന നിരക്കില്‍ 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനുശേഷമാണ് ദസോ ഏവിയേഷനുമായി അനുബന്ധ കരാര്‍ ഒപ്പിടുന്നത്. ഇതനുസരിച്ച് ഇന്ത്യ ആവശ്യപ്പെട്ട 13 പ്രത്യേകതകള്‍ കൂടി യുദ്ധവിമാനത്തില്‍ ചേര്‍ക്കുന്നതിന് 140 കോടി യൂറോ കൂടി ചെലവാകുമെന്ന് ദസോ അറിയിച്ചു. ചര്‍ച്ചയ്ക്കൊടുവില്‍ ഇത് 130 കോടി യൂറോയായി കുറച്ചു കരാര്‍ ഒപ്പിട്ടു. ഇതോടെ ഓരോ യുദ്ധവിമാനത്തിനുമുള്ള ചെലവ് 2007-ലെ ധാരണ അനുസരിച്ചുള്ള 11.11 ദശലക്ഷം യൂറോയില്‍നിന്ന് 36.11 ദശലക്ഷം യൂറോ ആയി ഉയര്‍ന്നു. കരാറില്‍ ഒന്‍പതു വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനവ്.
ഇന്ത്യന്‍ കരാര്‍ സമിതിയിലെ പ്രതിരോധ മന്ത്രാലയ പ്രതിനിധികളായ മൂന്ന് അംഗങ്ങള്‍ ദസോയുടെ 130 കോടി യൂറോ ആവശ്യത്തിനെതിരേ നിലപാട് സ്വീകരിച്ചിരുന്നു. ഇത് മറികടന്നാണ് വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
റഫാല്‍ വിമാനങ്ങള്‍ക്ക് മേല്‍ ചിലവഴിച്ച പൈസയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നേരത്തെ വിസമ്മതിച്ചിരുന്നു. പാര്‍ലമെന്റ് പ്രിവിലേജ്ഡ് കമ്മിറ്റിക്കു മുന്പില് പോലും ഈ വിവരങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല.