തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം

197

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. ഈ വേസ്റ്റ് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് അര്‍ദ്ധ രാത്രിയില്‍ തീ പടര്‍ന്നത്. അതീവ ഗുരു തര നിലയിലുള്ളവരെയടക്കം മുഴുവന്‍ രോഗികളെയും ആശുപത്രിയില്‍ നിന്ന് മാറ്റിയതോടെ വന്‍ദുരന്തം ഒഴിവായി. ഹൃദയാശുപത്രി എന്നറിയപ്പെടുന്ന തൃശൂര്‍ നഗരത്തിലെ സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് അര്‍ദ്ധരാത്രി ഒരു മണിയോടെ തീപിടിച്ചത്. ഉപയോഗശൂന്യമായ കന്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഒന്നാം നിലയിലെ മുറിയിലാണ് തീകണ്ടത്. മുറികളിലേക്കും വാര്‍ഡുകളിലേക്കും പുക പടര്‍ന്നതോടെ രോഗികള്‍ പരിഭ്രാന്തരായി.ഉടന്‍തന്നെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടക്കുന്നവരെയടക്കം നൂറ്റിമുപ്പതോളം രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയും പുകയും നിയന്ത്രണവിധേയമാക്കി.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും പൊലീസ് അന്വേഷണമാരംഭിച്ചു. നഴ്‌സുമാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ അവസാന രോഗിയെയും ആശുപത്രിയില്‍ നിന്ന് മാറ്റിയതോടെ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞു.

NO COMMENTS

LEAVE A REPLY