കോട്ടയം: കോട്ടയത്ത് എസ്.ബി.ടിയുടെ സി.എം.എസ് കോളജ് ശാഖയില്‍ വന്‍ തീപിടിത്തം. ബാങിന്‍റെ ഉള്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം, ലോക്കറിലെ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണങ്ങളും സുരക്ഷിതമാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ കൗണ്ടറുകളും സാധന സാമഗ്രികളും ഏതാണ്ട് കത്തിച്ചാമ്ബലായി. 35 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, ലോക്കറിന് കേടുപാടുകളുണ്ടായിട്ടില്ല. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണങ്ങളും രേഖകളും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാത്രിയില്‍ തീ പിടിച്ചു തുടങ്ങിയെന്നാണ് നിഗമനം. എന്നാല്‍ രാവിലെ ആറു മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ബാങ്കില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ അലാറാം പ്രവര്‍ത്തന രഹിതമായിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടനടി അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു .രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.