തിരുവനന്തപുരം : ഫയർ ആന്റ് റസ്‌ക്യു സർവീസസിന്റെ സിവിൽ ഡിഫൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസം. 10 ന് വൈകിട്ട് 4.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറിൽ നിർവഹിക്കും. പൊതുജനങ്ങളിൽ സേവനസന്നദ്ധരായവർക്ക് പ്രത്യേക പരിശീലനം നൽകി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ രണ്ടു പ്രളയ കാലത്തും രക്ഷാപ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായ സാഹചര്യത്തിലാണ് പ്രത്യേക പരിശീലനം നൽകി ടീം രൂപീകരിക്കാൻ തീരുമാനിച്ചത്.
പതിനെട്ട് വയസ് പൂർത്തിയായ ഇന്ത്യൻ പൗരത്വമുള്ള ഏതൊരാൾക്കും വളണ്ടിയർമാരാകാൻ അപേക്ഷിക്കാം. നാലാം ക്ലാസ്സ് വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം. ആദിവാസി – മത്സ്യതൊഴിലാളി വിഭാഗങ്ങൾക്ക് മുൻഗണന നൽകും.
സിവിൽ ഡിഫൻസ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും വിവിധ രക്ഷാഉപകരണ ങ്ങളുടെ പ്രദർശനവും നടക്കും. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ചിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ ഫയർഫോഴ്‌സ് നടത്തിയ അതിസാഹസിക രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ അപകടങ്ങൾ സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രദർശനത്തിലുണ്ട്.
ആശുപത്രി സുരക്ഷ, പ്രഥമ ശുശ്രൂഷ, ഗാർഹിക സുരക്ഷ എന്നിവയിൽ രാവിലെ സെമിനാർ നടക്കും. ഈ മേഖലയിലെ വിദഗ്ധർ സെമിനാറിൽ സംസാരിക്കും. ഉദ്ഘാടന ചടങ്ങിൽ വി. എസ്. ശിവകുമാർ എം. എൽ. എ, ശശിതരൂർ എം. പി, മേയർ കെ. ശ്രീകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ സംബന്ധിക്കും.
സിവിൽ ഡിഫൻസ് പദ്ധതിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർക്ക് ഇന്നു മുതൽ www.cds.fire.kerala.gov.in ൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 04872328000, 0471 2320872.