ന്യൂഡൽഹി: രാജ്യത്തെ രണ്ട് സർക്കാർ ആയുധ നിർമാണ കമ്പനികളുടെ ഫയറിങ് റേഞ്ചുകൾ സ്വകാര്യ കമ്പനികൾക്ക് തുറന്നു കൊടുക്കാൻ ധാരണയായി. ആദ്യമായാണ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആയുധ പരീക്ഷണ റെഞ്ചുകൾ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ നയംമാറ്റമെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ടു ചെയ്തു.തമിഴ്നാട്ടിൽ ട്രിച്ചിയിലുള്ള ഓർഡിനൻസ് ഫാക്ടറിയുടേയും പശ്ചിമ ബംഗാളിലെ ഇഷാപുരിലുള്ള റൈഫിൽ ഫാക്ടറിയുടേയും ഫയറിങ് റേഞ്ചുകളാണ് സ്വകാര്യമേഖലക്ക് തുറന്നു കൊടുക്കുന്നത്. പ്രതിരോധ മേഖലക്ക് വേണ്ട ഉൽപ്പന്നങ്ങൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്.
രാജ്യത്ത് ആകെ 60 ഫയറിങ് റേഞ്ചുകളാണ് ഇപ്പോഴുള്ളത്. 2018 ൽ 17 റേഞ്ചുകൾക്ക് കൂടി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.സ്വകാര്യ കമ്പനികളുടെ അപേക്ഷകൾ സ്വീകരിക്കാൻ പോകുകയാണെന്ന് ഇഷാപുർ റൈഫിൾ ഫാക്ടറി അധികൃതർ അറിയിച്ചു. ടിയർ ഗ്യാസ് ഗൺ, പമ്പ് ആക്ഷൻ ഗൺ, റൈഫിളുകൾ, പിസ്റ്റളുകൾ തുടങ്ങിയവ ഇവിടെയാണ് പരീക്ഷിക്കുന്നത്.
ചെറുകിട ആയുധങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ട്രിച്ചിയിലുള്ളത്.