കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

14

തിരുവനന്തപുരം : ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

കൃഷിയിടങ്ങളെ ദേവാലയമായി കണക്കാക്കി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. കൃഷിയെ അവഗണിച്ച് പണമാണ് എല്ലാമെന്ന ധാരണയില്‍ ജീവിക്കുമ്പോള്‍, വിഷമാണ് വില കൊടുത്ത് വാങ്ങുന്നതെന്ന് ആരും ഓര്‍ക്കുന്നില്ല. 40 മുതല്‍ 50 ശതമാനം വരെ കാന്‍സര്‍ രോഗങ്ങള്‍ക്കും കാരണം ഭക്ഷണവും ജീവിതശൈലിയുമാണെന്നാണ് ആര്‍.സി.സിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭിപ്രായം.

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ട പച്ചക്കറി കൃഷി ചെയ്യാനാവശ്യമായ ഭൂമി നമുക്കുമുണ്ട്. 2016ല്‍ ആറുലക്ഷം ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചിടത്ത് 2021ല്‍ 1,57,000 ടണ്‍ പച്ചക്കറി അധികം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു. ഇനി അഞ്ച് ലക്ഷം ടണ്‍ കൂടി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ പച്ചക്കറി ഉല്‍പാദന രംഗത്ത് കേരളം സ്വയംപര്യാപ്തതയിലെത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷി പോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ‘ഞങ്ങളും കൃഷിയിലേക്ക്’ എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വെള്ളായണി കിരീടം പാലത്തിനു സമീപം പണ്ടാരക്കരി പാടശേഖരത്തിലെ 25 ഏക്കര്‍ സ്ഥലത്താണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഞാറ് നട്ടത്. മുതിര്‍ന്ന കര്‍ഷകനായ കുരുശന്‍നാടാരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ‘സുഭിഷം-സുരക്ഷിതം കല്ലിയൂര്‍’ പദ്ധതി പ്രകാരം ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം എം.വിന്‍സെന്റ് എം.എല്‍.എ നിര്‍വഹിച്ചു. ‘മുറ്റത്തെ/മട്ടുപ്പാവിലെ പച്ചക്കറികൃഷി’ പദ്ധതിയുടെ ഉദ്ഘാടനം സുരേഷ് ഗോപി എം.പി പച്ചക്കറിത്തൈ വിതരണം ചെയ്ത് നിര്‍വഹിച്ചു.

നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത.വി, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

NO COMMENTS