തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പാങ്ങപ്പാറയിൽ പ്രവർത്തനമാരംഭിച്ചു. ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺ ഫറൻസിലൂടെ നിർവഹിച്ചു. ഒ.പി.ക്കു പുറമെ 24 മണിക്കൂർ കിടത്തി ചികിത്സയും സ്പെഷ്യാ ലിറ്റി വിഭാഗങ്ങളുടെ സേവനവും ചേർന്ന ആദ്യ ഹെൽത്ത് സെന്ററാണിത്.
ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സകൂടി ലഭ്യമാകുന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തി ൽ മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഒരു സംയുക്ത ഹെൽത്ത് സെന്റർ നിർമിക്കാൻ സാധിച്ചത് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഫീൽഡ് സെന്ററായി ആരംഭിച്ചതായിരുന്നു ഈ ആശുപത്രി. ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ ആകുന്നതിന്റെ ഭാഗമായി ഡോക്ടർമാർ, നഴ്സുമാർ അടക്കം പുതിയ 27 തസ്തികകൾ സൃഷ്ടിച്ചു. 10 തസ്തികകൾ സർക്കാരും 17 എണ്ണം തിരുവനന്തപുരം കോർപ്പറേഷനുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആശുപത്രിയുടെ പ്രവർത്തനത്തിനായി കോർപ്പറേഷൻ ഒരു കോടി രൂപയുടെ പദ്ധതി ആണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം രൂപ ആശുപത്രി വികസനത്തിനായി വിനിയോഗിച്ചിട്ടുണ്ട്.പ്രവേശന കാവടവും ചുറ്റുമതിലും നിർമിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഈ ആശുപത്രി ഏറെ പ്രയോജനം ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആശുപത്രിയിൽ തുടർന്നും നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലേക്കുളള റോഡിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ആശുപത്രി ജീവനക്കാരുടെ ഇ-ഐഡി കാർഡ് മെഡിക്കൽ കോളേജ് സുപ്രണ്ട് എം.എസ്. ശർമ്മദ് വിതരണം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സാറ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.