തിരുവനന്തപുരം : മത്സ്യബന്ധന യാനങ്ങളുടെ വർധിപ്പിച്ച ലൈസൻസ്- പെർമിറ്റ് ഫീസുകൾ ഇളവ് ചെയ്യുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും തെറ്റായ പ്രചാരണങ്ങളിൽ മത്സ്യത്തൊഴിലാളികൾ വീഴരുതെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
2001-ലാണ് ഇതിന് മുൻപ് രജിസ്‌ട്രേഷൻ ലൈസൻസ് ഫീസ് പുതുക്കിയത്. എങ്കിലും ഇപ്പോൾ വരുത്തിയ ഫീസ് വർധനവ് സംബന്ധിച്ച് തൊഴിലാളി സംഘടനകൾക്ക് ഇടയിലുള്ള ആശങ്കകൾ സർക്കാർ ദൂരീകരിക്കുന്നതാണ്. മത്സ്യതൊഴിലാളി സമൂഹത്തിന്റെ പൊതുനൻമ ലക്ഷ്യമിട്ടാണ് തീരുമാനം കൈകൊണ്ടത്.
15 മീറ്ററിൽ കൂടുതൽ നീളമുള്ള മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്റെയും ലൈസൻസിന്റെയും ഫീസ് ഇനത്തിലാണ് വർധനവ് ഉണ്ടായത്. ഒരു മത്സ്യബന്ധന യാനം ഒരിക്കൽ മാത്രം രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ മതി. നിലവിൽ രജിസ്‌ട്രേഷനുള്ള ഒരു മത്സ്യബന്ധന യാനത്തെയും ഫീസിൽ വരുത്തിയ മാറ്റം ബാധിക്കില്ല.
ഏതെങ്കിലും വിഭാഗത്തിലെ മത്സ്യബന്ധന യാനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസിലും ലൈസൻസ് ഫീസിലും ന്യായീകരിക്കാനാകാത്ത വർധനവ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നും, ബോധ്യപ്പെട്ടാൽ ന്യായമായ ഇളവ് അനുവദിക്കാനും ട്രേഡ് യൂണിയനുകളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
250 എച്ച്.പി-യിൽ കൂടുതൽ ശേഷിയുള്ള എൻജിൻ ഘടിപ്പിച്ച മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസിന് പകരം ഏർപ്പെടുത്തിയ പെർമിറ്റ് ഫീസിലും ന്യായമായ ഇളവ് ഏർപ്പെടുത്തും. പെർമിറ്റ് ഫീസ് ഈടാക്കുന്ന മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് ഫീസ് അടയ്‌ക്കേണ്ടതില്ല. പുതുക്കിയ ഫീസ് ഇതിനകം ഒടുക്കിയ യാനം ഉടമകൾക്കും ഫീസ് ഇളവിന്റെ ആനുകൂല്യം ലഭ്യമാക്കുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ വന്നശേഷം മത്സ്യത്തൊഴിലാളി പെൻഷൻ 600 രൂപയിൽ നിന്നും 1200 ആയി വർധിപ്പിച്ചിരുന്നു. ഭവനനിർമാണ തുക രണ്ടു ലക്ഷത്തിൽ നിന്നും നാലു ലക്ഷമായി വർധിപ്പിച്ചതും, ഭൂരഹിത മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങി വീട് വെയ്ക്കാൻ 10 ലക്ഷം രൂപ അനുവദിച്ചതും സമ്പാദ്യ സമാശ്വാസ തുക 2700 ൽ നിന്നും 4500 ആയി വർധിപ്പിച്ചതും കേന്ദ്ര വിഹിതം ലഭിക്കാഞ്ഞിട്ടുപോലും സമാശ്വാസ പദ്ധതി തുടർന്നതും ഈ സർക്കാരാണ്.
കടലോരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയ്ക്കായി 1900 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള അനുമതി ലഭിച്ച് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 1798 കുടുംബങ്ങൾക്ക് ഇതിനകം 10 ലക്ഷം രൂപ നൽകി ഭൂമിയും ഭവനവും ലഭ്യമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 119 കോടി രൂപയുടെ മണ്ണെണ്ണ സബ്‌സിഡിയാണ് സർക്കാർ നൽകിയത്.
കഴിഞ്ഞ മൂന്ന് വർഷമായി മത്സ്യമേഖലയിൽ 3600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി 320 ഫൈബർ ബോട്ടുകൾ നൽകാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. 5600 ഭവനങ്ങളാണ് മത്സ്യതൊഴിലാളികൾക്ക് പുതുതായി നൽകിയത്. 1220 ഭവനങ്ങൾ ലൈഫ് പദ്ധതിയിൽ നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.