സ്‌പെയിനിലെ ഫിടുര്‍ മേളയില്‍ ഉജ്വല പ്രകടനവുമായി കേരള ടൂറിസം

260

തിരുവനന്തപുരം: വള്ളംകളിയുടെ തനതുപ്രൗഢി വിളിച്ചോതുന്ന പ്രദര്‍ശനവുമായി സ്‌പെയ്ന്‍ തലസ്ഥാനമായ മഡ്രിഡില്‍ നടന്ന ലോകത്തെ പ്രമുഖ ടൂറിസം-ട്രാവല്‍ മേളയായ ഫിടുര്‍ 2017ല്‍ കേരള ടൂറിസത്തിന്റെ ഉജ്വല പ്രകടനം. ജനുവരി 18 മുതല്‍ 22 വരെ നടന്ന മേളയില്‍, കേരളമൊരുക്കിയ വള്ളംകളിയുടെ ജീവന്‍ തുടിക്കുന്ന ദൃശ്യാവിഷ്‌കാരം തരംഗമായി. ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി.ജോസിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഘം.

സഞ്ചാര വ്യവസായ മേഖലയില്‍നിന്നുള്ളവരെയും സാധാരണ കാണികളെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു കേരള പവിലിയനെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി. ജോസ് പറഞ്ഞു. വള്ളംകളിയെപ്പറ്റിയും കേരളത്തിന്റെ പ്രശാന്തമായ കായലുകളെപ്പറ്റിയും ആയുര്‍വേദ സുഖചികില്‍സയെപ്പറ്റിയുമെല്ലാം വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ കാഴ്ചക്കാര്‍ അത്യുല്‍സാഹമാണു കാട്ടിയത്. ടൂറിസം വ്യവസായത്തിലെ പങ്കാളികളുമായി നടത്തിയ മീറ്റിംഗുകളും ചര്‍ച്ചകളും വളരെ ഫലപ്രദമായിരുന്നു. തങ്ങളുടെ പാക്കേജുകളില്‍ കേരളത്തിലെ വിനോദസഞ്ചാര കേ ന്ദ്രങ്ങളെ ഉള്‍പ്പെടുത്താമെന്നും കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേയ്ക്ക് അയയ്ക്കാമെന്നും അവര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള യൂറോപ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ലക്ഷ്യമിട്ട് ഫ്രാന്‍സിലെ ലിയോണില്‍ ജനുവരി 24നും ഇറ്റലിയിലെ റോമില്‍ ജനുവരി 26നും കേരള ടൂറിസം റോഡ്‌ഷോ നടത്തും.

കഴിഞ്ഞ 13 വര്‍ഷങ്ങളായി കേരള ടൂറിസം ഫിടുര്‍ മേളയില്‍ പങ്കെടുക്കുന്നതായും ആഗോള ടൂറിസം വ്യവസായ ലോകവുമായി വ്യാപാര കരാറുകളും ടൂറിസം വളര്‍ച്ചയ്ക്കുള്ള നൂതന തന്ത്രങ്ങളുമാണ് കേരള ടൂറിസത്തിന് മേളയില്‍നിന്നുള്ള നേട്ടങ്ങളെന്നും ടൂറിസം ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

കേരള ബ്രാന്‍ഡിന് ഏറെ ശ്രദ്ധ കിട്ടുന്ന ടൂറിസം വിപണിയാണ് സ്‌പെയിന്‍. ഇത്തവണയും സ്‌പെയിനില്‍നിന്ന് ഏറെ സഞ്ചാരികളെത്തുമെന്നാണ് വിശ്വാസം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു ഈ വര്‍ഷം സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രത്യാശയെന്നും ശ്രീ. ജോസ് അറിയിച്ചു. കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീ വിനോദ് സുത്ഷി, സ്‌പെയിനിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ഡി.ബി. വെങ്കടേഷ് ശര്‍മ എന്നിവര്‍ കേരള പവിലിയന്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു.

സമീപകാലത്ത് കേരളത്തിലേക്കുള്ള സ്പാനിഷ് സഞ്ചാരികളുടെ എണ്ണത്തില്‍ നല്ല വര്‍ധനയാണുണ്ടാകുന്നത്. 2015ല്‍ സ്‌പെയിനില്‍നിന്ന് 14,1877 റജിസ്‌റ്റേഡ് സന്ദര്‍ശകരാണ് കേരളത്തിലെത്തിയത്. തലേ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 21.7 ശതമാനം വര്‍ദ്ധിച്ചു.
സിജിഎച്ച് എര്‍ത്, കുമരകം ലേക്ക് റിസോര്‍ട്ട്, പയനിയര്‍ പേഴ്‌സനലൈസ്ഡ് ഹോളിഡേയ്‌സ്, മാര്‍വെല്‍ ടൂര്‍സ് എന്നിവയായിരുന്നു ഫിടുര്‍ 2017ല്‍ കേരള ടൂറിസത്തിന്റെ വ്യാപാര പങ്കാളികള്‍.

NO COMMENTS

LEAVE A REPLY