തിരുവനന്തപുരം : മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളിൽ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 20 ഡാമുകളിലും ബാരേജുകളിലുമായി എത്തിയത്.
അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ഡാമുകളിലെ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായിരുന്നതിനെക്കാൾ 40 ശതമാനം കുറവ് ജലമാണ് ഇന്നലെ (ആഗസ്റ്റ് എട്ട്) ഡാമുകളിൽ ഉണ്ടായിരുന്നത്. പഴശി ഡാമിൽ മാത്രമാണ് മുൻവർഷത്തെക്കാൾ കൂടുതൽ ജലമുള്ളത്.
ഡാമുകളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടികളുടെ ചെയർമാൻമാരായ കളക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ച്, ദുരന്തനിവാരണ അതോറിട്ടിയുടെ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആഗസ്റ്റ് ഒൻപതിന് മലപ്പുറം ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. രാവിലെ കളക്ടറുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.