കാസറഗോഡ് :കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന് അഭിമാനിക്കാനേറെയുണ്ട്. അഞ്ച് വര്‍ഷത്തിനിടെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം 49,85,25,138 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കിയത്. ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും നാടിന് സമര്‍പ്പിച്ചത് ഇക്കാലയളവിലാണ്.
മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിദ്യാഗിരി പാലം, കോട്ടപ്പുറം പാലം, പൈനിക്കര പാലം, കോരത്തിന്‍ കുണ്ട് പാലം, കണ്ണന്‍കൈ പാലം മുല്ലച്ചേരി പാലത്തിന്റെ നിര്‍മ്മാണം ഏറ്റവും ശ്രമകരായ ആയംകടവ് പാലം എന്നിവ യുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് നല്‍കുകയും ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പുതിയ പത്ത് പാലങ്ങള്‍ അനുവദിച്ച് നിര്‍മ്മാണം നടക്കുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തോട്ടുകര പാലം,ഏണിച്ചാല്‍ പാലം,പെരുമ്പട്ട പാലം, പാലത്തറ പാലം, രാമന്‍ചിറ പാലം,പോത്തന്‍ കണ്ടം പാലം, ഉദുമ മണ്ഡലത്തില്‍ മുല്ലച്ചേരി പാലം, പള്ളത്തൂര്‍ പാലം, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ തടിയന്‍ വളപ്പ് പാലം, കുമ്പളപ്പള്ളി പാലം, എന്നീ പത്ത് പാലങ്ങളാണ് ഈ അഞ്ച് വര്‍ഷത്തിനിടെ അനുവദിച്ചത്.ഇതില്‍ ഉദുമ മുല്ലച്ചേരി മൈലാട്ടി റോഡില്‍ മുല്ലച്ചേരി തോടിന് കുറുകെ മൂന്ന് കോടി ചിലവിട്ട് നിര്‍മ്മിച്ച മുല്ലച്ചേരി പാലം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തു ഗതാഗതത്തിന് തുറന്ന് നല്‍കി.
പടന്ന പിലിക്കേട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ബാലന്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന തോട്ടുകര പാലവും ദേലം പാടി പഞ്ചായത്തിനെയും കര്‍ണ്ണാടകയിലെ ഈശ്വരമംഗലത്തെയും ബന്ധിപ്പിക്കുന്ന പള്ളത്തൂര്‍ പാലവും അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. പല്ലച്ചേരി പാലം നബാര്‍ഡിന്റെ സഹകരണത്തോടെയും തോട്ടുകര പാലം ബജറ്റില്‍ ഉള്‍പ്പെടുത്തിയുമാണ് നിര്‍മ്മിച്ചത്. മറ്റ് എച്ച് പാലങ്ങള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.
തലയെടുപ്പോടെ കോട്ടപ്പുറം പാലവും ആയംകടവ് പാലവും
നാലുഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികള്‍ക്ക് മറുകരയെത്താന്‍ തോണി മാത്രം ആശ്രയമായ കാലം. ചികിത്സയ്ക്കായാലും മറ്റ് ആവശ്യങ്ങള്‍ക്കായാലും ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ് പ്രദേശങ്ങളിലെത്തണ മെങ്കില്‍ രണ്ടിലധികം കടവുകള്‍ കടക്കണം. നീലേശ്വരത്തെത്തണമെങ്കില്‍ പുഴ കടന്ന് കോട്ടപ്പുറത്തെത്തണം. പുഴ യ്ക്ക് കുറുകെ നടപ്പാലം വേണം എന്ന ആവശ്യത്തെത്തുടര്‍ന്ന് 2000ല്‍ നടപ്പാലം സാക്ഷാത്കരിച്ചു. തുടര്‍ന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ മാര്‍ച്ചില്‍ പൊതുമരാമത്തു, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അച്ചാംതുരുകത്തിക്കാരുടെ ചിരകാല സ്വപ്‌നമായ കോട്ട പ്പുറം,അച്ചാംതുരുത്തി പാലം ഉദ്ഘ്ടാനം ചെയ്തു.കാസര്‍കോട് ജില്ലയിലെ പുഴയ്ക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ റോഡ് പാലമാണ് കോട്ടപ്പുറം പാലം.
തേജസ്വിനി പുഴയ്ക്ക്് കുറുകെ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെയും നീലേശ്വരം മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചു കൊണ്ട് സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് അച്ചാം തുരുത്തികോട്ടപ്പുറം പാലം നിര്‍മ്മിച്ചത്്. 296.56 മീറ്റര്‍ നീളവും 11.23 മീറ്റര്‍ വീതിയുമുള്ള പാലം 21,94,85,815 രൂപ ചിലവിട്ടായിരുന്നു നിര്‍മ്മിച്ചത്. അനുബന്ധ റോഡുകള്‍ക്ക് 210 മീറ്റര്‍ നീളവും ഉണ്ട്.ആര്‍സിസി യോട് കൂടിയ പൈല്‍ ഫൌണ്ടേഷന്‍, പൈല്‍ ക്യാപ്, പിയര്‍, അബട്‌മെന്റ്, ടി ബീം ഗിര്‍ഡര്‍ സഌബ് എന്നിവയും, പാലത്തിന്റെ ബീമുകള്‍ പ്രീസ്‌ട്രെസ്സിങ് രീതി ഉപയോഗിച്ച് ബലപ്പെടുത്തിയുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്.
മടക്കര മത്സ്യബന്ധന തുറമുഖം, വിനോദസഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം, വലിയപറമ്പ്, നെല്ലിക്കാതുരുത്തി കഴകം, കുളങ്ങാട്ട് മല, കോട്ടപ്പള്ളി മഖാം, കോട്ടപ്പുറം പള്ളി, നീലേശ്വരം തളിയില്‍ ക്ഷേത്രം, മന്ദംപുറത്ത് കാവ് വൈകുണ്ഠ ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാലം വഴി എളുപ്പത്തില്‍ എത്താം. ചെറുവത്തൂര്‍, മടക്കര ഭാഗങ്ങളിലുള്ളവര്‍ക്ക് നീലേശ്വരത്തേക്കും കാഞ്ഞങ്ങാട്ടേക്കും എളുപ്പത്തില്‍ എത്താം.
മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലം
മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് വാവടുക്കം പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ആയങ്കടവ് പാലം. പുഴയുടെ അടിത്തട്ടില്‍ നിന്നും ഏകദേശം 24 മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാലം കേരളത്തിലെ ഉയരം കൂടിയ പാലങ്ങളില്‍ ഒന്നായി മാറിയത്. 1351 ലക്ഷം രൂപ ചിലവിട്ട നിര്‍മ്മിച്ച പാലം നിര്‍മ്മാണം തുടങ്ങി ഏകദേശം 27 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.2019 ഡിസംബര്‍ 08 ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെയും കേരളാ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെയും സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു.
ദേശീയപാതയിലെ പെരിയ ബസാറില്‍ നിന്ന് എട്ടു മിനിറ്റ് കൊണ്ട് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിലേക്ക് ഇതുവഴി എത്താനാകും. പെരിയ കേന്ദ്ര സര്‍വകലാശാല, ഗവ. പോളിടെക്‌നിക്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നവോദയ സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പെരിയ പിഎച്ച്‌സി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഈ പാലം ഉപകാരപ്രദമാണ്.
രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉയരവും ദൃശ്യഭംഗിയും ടൂറിസത്തിനും സാധ്യതയൊരുക്കുന്നു. ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തിലെ പുല്ലൂര്‍പെരിയ, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുപുതിയ പാലം വേണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് കെ.കുഞ്ഞിരാമന്‍എം.എല്‍.എ യുടെ ശ്രമഫലമായി കാസര്‍കോട്് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആയംകടവ് പാലം നിര്‍മ്മിച്ചത്.
പൈല്‍ ഫൗണ്ടേഷനില്‍ 30 മീറ്റര്‍ നീളമുളള നാല് സ്പാനുകളും 10 മീറ്റര്‍ നീളമുളള ആറ് സ്പാനുകളും കൂടി ആകെ 180 മീറ്റര്‍ നീളത്തിലും 7.50 മീറ്റര്‍ കര്യേജ് വേയും ഇരുവശങ്ങളിലുമായി 0.80മീറ്റര്‍ വീതിയില്‍ നടപ്പാതകളും കൂടി 9.85മീറ്റര്‍ വീതിയിലും പ്രീസ്ട്രസ്സ്്ഡ് ഗിര്‍ഡറോടുകൂടിയ സഌബ് മാതൃകയിലാണ് പാലം പണികഴിപ്പിച്ചിരിക്കുത്. കൂടാതെ 3.702 കിലോ മീറ്റര്‍ നീളമുളള അനുബന്ധ റോഡുകളും മറ്റ് സംരക്ഷണ പ്രവൃത്തികളും ഈ പദ്ധതിയോടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പി.എം.കെ.എസ്.വൈ; കാറഡുക്ക ബ്ലോക്കിലെ നവീകരിച്ച കുളങ്ങള്‍ ജില്ലാ കളക്ടര്‍ നാടിന് സമര്‍പ്പിച്ചു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയില്‍പെട്ട രണ്ട് പ്രധാന പ്രവൃത്തി കള്‍ പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചു. വാവടുക്കം നീര്‍ത്തടത്തില്‍ നവീകരിച്ച തോര്‍ക്കുളം കുളവും കൊല്ലരംകോട് നീര്‍ത്തടത്തില്‍ നവീകരിച്ച പൂര്‍ത്തീകരിച്ച ബദിര കുളവുമാണ് ഉദ്ഘാടനം ചെയ്ത പ്രവൃത്തികള്‍.
2020 ല്‍ പണി ആരംഭിച്ച തോര്‍ക്കുളം നവീകരണ പദ്ധതിയില്‍ കുളത്തിന്റെ മൂന്ന് പടികളായി മൂന്ന് മീറ്റര്‍ ആഴം കൂട്ടുക, ഓരോ പടിയിലും ലാറ്ററൈറ്റ് പേവിങ്, കുളത്തില്‍ നിന്നും 20 ഏക്കറോളം വരുന്ന പാട ശേഖരത്തിലേക്ക് വെള്ളം എത്തിക്കാനുണ്ടായിരുന്ന കനാല്‍ രണ്ട് വശത്തും 30 മീറ്ററോളം രണ്ട് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നല്‍കി സംരക്ഷിക്കുക, കുളത്തിന്റെ മുന്‍ ഭാഗത്തുകൂടി കുത്തിയൊലിച്ചു വരുന്ന മഴ വെള്ളം ഡ്രൈനേജ് ചാനലിലൂടെ ഡ്രൈനേജ് പിറ്റില്‍ എത്തിച്ച് അതില്‍ നിന്നും വെള്ളം കുളത്തിലേക്ക് ഒഴുക്കി വിടുക, മുന്‍ വശത്ത് ഒരു മതില്‍ കെട്ടി സംരക്ഷിക്കുക, തുടങ്ങിയതാണ് പദ്ധതി. 26,48,985 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
2020ല്‍ നവീകരണ പ്രവൃത്തി ആരംഭിച്ച ബദിര കുളത്തിന്റെ നിലവിലുള്ള ആഴം 1.5 ഘന മീറ്റര്‍ കൂട്ടുക, കുളത്തി ന്റെ വിസ്തൃതി നാലു ഭാഗത്തേക്കും വര്‍ധിപ്പിക്കുക, കുളത്തിന്റെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിക്കുക, കുളത്തിന് കൈവരിയും പടവുകളും നിര്‍മ്മിക്കുക തുടങ്ങി 9,82,736 രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്.
പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു. പദ്ധതി വിജയകരമായി പൂര്‍ത്തി യാക്കിയ കോണ്‍ട്രാക്ടര്‍ ടി. അനന്തന്‍, പ്രൊജക്ട എഞ്ചിനീയര്‍ ടി. ആതിര, നീര്‍ത്തട സെക്രട്ടറിമാരായ ഇ. സുനിത, എ. പുരുഷോത്തമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹോപഹാരം ജില്ലാ കളക്ടര്‍ ക്ക് കൈമാറി. പ്രൊജക്ട് ഡയറക്ടര്‍ പ്രദീപന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിച്ചു.