പ്രളയക്കെടുതി – കേന്ദ്രസംഘം സെപ്റ്റംബർ 18 ന് തൃശൂർ ജില്ലയിൽ

100

തൃശൂർ : ഈ വർഷം ജില്ലയിലുണ്ടായ പ്രളയക്കെടുതികൾ വിലയിരുത്തന്നതിനുളള പ്രത്യേക കേന്ദ്രസംഘം സെപ്റ്റംബർ 18 ന് ജില്ല സന്ദർശിക്കും. കേന്ദ്ര ജലവിഭവമന്ത്രാലയം എസ്.ഇ. വി മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരുൾപ്പെട്ട സംഘമാണ് ജില്ലയിലെത്തുക.

ജില്ലാ അതിർത്തിയിൽ രാവിലെ 10 ന് കേന്ദ്രസംഘത്തെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുക. തുടർന്ന് ചാലക്കുടി സിദ്ധാർത്ഥയിൽ പ്രളയദുരന്തം സംബന്ധിച്ച ലഘു വിവരണവും പവർപോയിന്റ് പ്രദർശനവും നടക്കും. രാവിലെ 11.30 മുതൽ ദുരന്തമുണ്ടായ ഇടങ്ങളിൽ സംഘം സന്ദർശനം നടത്തും.

കൃഷി നാശമുണ്ടായ കുഴൂരിൽ രാവിലെ 12 നും റോഡുകൾ തകർന്ന പൊയ്യയിൽ ഉച്ചയ്ക്ക് 12.30 നും സംഘം സന്ദർശിക്കും. തുടർന്ന് തൃശൂർ ലുലൂ കൺവൻഷൻ സെന്ററിലെ ഉച്ചഭക്ഷണശേഷം വൈകീട്ട് 3 ന് പുഴയ്ക്കൽ, 3.15 ന് മുതുവറ, കുറ്റൂർ, 4.30 ന് ഹരിപുരം കാറളം, 4.45 ന് എടത്തിരിഞ്ഞി എന്നീ പ്രദേശങ്ങൾ സന്ദർശിക്കും. ശേഷം സംഘം എറണാകുളത്തിന് യാത്ര തിരിക്കും.

NO COMMENTS