തൃശൂർ : ജില്ലയിൽ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയക്കെടുതികളുടെ നാശനഷ്ടം സംബന്ധിച്ച കണക്കുകൾ കേന്ദ്ര സംഘത്തിന് ജില്ലാ കളക്ടർ എസ് ഷാനവാസ് സമർപ്പിച്ചു. ഇതുപ്രകാരം ജില്ലയിൽ 156.83 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലയിൽ കൃഷി ചെയ്യുന്ന 142767 ഹെക്ടറിൽ 85660 ഹെക്ടറിലാണ് പ്രളയം ബാധിച്ചത്. ഇതിൽ 2653.42 ഹെക്ടറിലായി 22385 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. കാർഷിക അടിസ്ഥാന സൗകര്യ മേഖലയിൽ 3.27 കോടിയുടെ നാശമുണ്ടായി. കൂടാതെ 113 ഹെക്ടറിൽ ചെളി അടിഞ്ഞും മറ്റും 13.79 ലക്ഷത്തിന്റെ നാശവും ഉണ്ടായി. ആകെ കേന്ദ്ര മാനദണ്ഡ പ്രകാരം 4.189 കോടിയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്.
799.89 ഹെക്ടറിലെ നെൽകൃഷി, 721.59 ഹെക്ടറിലെ വാഴകൃഷി, 135.97 ഹെക്ടറിലെ നാളികേര കൃഷി, 373.19 ഹെക്ടറിലെ കവുങ്ങ് കൃഷി, 142.82 ഹെക്ടറിലെ ജാതി കൃഷി, 199.79 ഹെക്ടറിലെ പച്ചക്കറി കൃഷി, 135.7 ഹെക്ടറിലെ മരച്ചീനി കൃഷി, 19.34 ഹെക്ടറിലെ റബർ കൃഷി, 27.48 ഹെക്ടറിലെ കുരുമുളക് കൃഷി, 2.14 ഹെക്ടറിലെ കശുമാവ് കൃഷി, 95.51 ഹെക്ടറിലെ മറ്റു വിളകൾ എന്നിവയേയാണ് പ്രളയം ബാധിച്ചത്.
ജില്ലയിൽ ആകെ 1304 വീടുകൾക്കാണ് നാശം സംഭവിച്ചത.് 1188 വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റി. 116 വീടുകൾ പൂർണമായി തകർന്നു. ഓരോ താലൂക്കിലെയും സാരമായ കേടുപാടുകൾ പറ്റിയ വീടുകൾ, പൂർണമായി തകർന്ന വീടുകൾ എന്ന ക്രമത്തിൽ ചുവടെ. തൃശൂർ: 312, 42. തലപ്പിള്ളി: 501, 20. ചാലക്കുടി: 56, 3. ചാവക്കാട്: 59, 3. മുകുന്ദപുരം: 36, 3. കൊടുങ്ങല്ലൂർ: 143, 43. കുന്നംകുളം: 81, 2.
പ്രളയം രൂക്ഷമായി ബാധിച്ച മത്സ്യമേഖലയിൽ 358.368 ലക്ഷത്തിന്റെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്. വിവിധയിനം മത്സ്യകൃഷി നടത്തുന്ന 4368.247 ഹെക്ടർ ഫാമുകളെയാണ് പ്രളയം ബാധിച്ചത്. നാൽക്കാലികൾ, കോഴി, ആല, കൂട് എന്നിവ നശിച്ച വകയിൽ 66.856 ലക്ഷവും ക്ഷീരസംക്ഷണ മേഖലയിൽ 158.183 ലക്ഷവുമടക്കം 164.403 ലക്ഷത്തിന്റെ കേന്ദ്രസഹായമാണ് മൃഗസംരക്ഷണമേഖലയിൽ തേടിയത്.
2022 വൈദ്യുതി പോസ്റ്റുകളാണ് ജില്ലയിൽ തകർന്നത്. 35 ട്രാൻസ്ഫോർമറുകളും 1527 കിലോ മീറ്റർ വൈദ്യുതി ലൈനും നശിച്ചു. 879.38 ലക്ഷത്തിന്റെ സഹായമാണ് വൈദ്യുതി മേഖലയിൽ ആവശ്യപ്പെട്ടത്.
ജില്ലയിൽ കൾവർട്ടുകൾ ഉൾപ്പെടെ 458.96 കിലോ മീറ്റർ പൊതുമരാമത്ത് റോഡിന് നാശനഷ്ടം നേരിട്ടു. 235.67 കോടി രൂപയാണ് ഇത് നന്നാക്കാനായി കണക്കാക്കുന്നത്. എസ്.ഡി.ആർ.എഫ്/എൻ.ഡി.ആർ.എഫ് മാനദണ്ഡ പ്രകാരം 458.96 ലക്ഷമാണ് റോഡുകൾക്ക് ദുരിതാശ്വാസ സഹായമായി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത്.
ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ 13 പാലങ്ങളാണ് തകർന്നത്. 1709 ലക്ഷമാണ് മൂന്ന് പാലങ്ങളുടെ പുനർനിർമ്മാണത്തിന് ഉൾപ്പെടെ കണക്കാക്കുന്നത്. 2167.96 ലക്ഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾക്കും പാലങ്ങൾക്കും കേന്ദ്രസഹായം തേടിയത്. ജലസേചന മേഖലയിൽ എസ്.ഡി.ആർ.എഫ് മാനദണ്ഡപ്രകാരം 829.61 ലക്ഷത്തിന്റെ സഹായവും കേരള വാട്ടർ അതോറിറ്റിക്ക് 430.57 ലക്ഷവുമാണ് തേടിയത്.
ഗ്രാമപഞ്ചായത്തുകളിലെ സർക്കാർ സ്‌കൂളുകൾ, അങ്കണവാടികൾ, പി.എച്ച്.സികൾ, പഞ്ചായത്തിന്റേതായ കെട്ടിടങ്ങൾ, പഞ്ചായത്ത് റോഡുകൾ എന്നിവയുടെ നാശനഷ്ടം നികത്താൻ 144.484 ലക്ഷമാണ് സഹായം തേടിയത്. ഇതേവിഭാഗത്തിൽ കോർപറേഷനിൽ 44.40 ലക്ഷവും നഗരസഭകളിൽ 14.728 ലക്ഷത്തിന്റെയും സഹായം തേടി. തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയ്ക്ക് ആകെ 203.612 ലക്ഷമാണ് സഹായം തേടിയത്.
ജില്ലയിലെ 255 വില്ലേജുകളിൽ 215 വില്ലേജുകൾ വെളളപ്പൊക്ക ബാധിതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ-73, തലപ്പിള്ളി-33, ചാലക്കുടി-27, ചാവക്കാട്-28, മുകുന്ദപുരം-29, കുന്നംകുളം-11, കൊടുങ്ങല്ലൂർ-14 എന്നിങ്ങനെയാണ് പ്രളയബാധിത വില്ലേജുകൾ. കഴിഞ്ഞ ആഗസ്റ്റ് മാസം മഴക്കെടുതിയിൽ 10 പേരാണ് ജില്ലയിൽ മരിച്ചത്. ഒമ്പത് പേർ മുങ്ങിമരിക്കുകയായിരുന്നു. ഒരാൾ ഷോക്കേറ്റാണ് മരിച്ചത്. ജില്ലയിൽ 1515 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 122871 പേർക്കാണ് ഇവിടെ അഭയം നൽകിയത്.
ബുധനാഴ്ചയാണ് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചത്.