കാഠ്മണ്ഡു: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളില്‍ മരണം 88 ആയി. 31 പേരെ കാണാതായതായി നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മഴയെത്തുടര്‍ന്നു വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്ന 3,366 പേരെ നേപ്പാള്‍ പോലീസ് രക്ഷപ്പെടുത്തി.
മഴയുടെ ശക്തികുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാര്‍ വെള്ളപ്പൊക്കത്തില്‍നിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളില്‍ വെള്ളം കയറി. പ്രളയത്തെത്തുടര്‍ന്നു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നതു നിയന്ത്രിക്കുന്നതിനു നേപ്പാള്‍ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.