പ്രളയം: കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി

135

പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പൊതുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ ചെറിയ സഹായം മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ലഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് 31,000 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ സംസ്ഥാനത്തുണ്ടായി.

ആറായിരത്തോളം കോടി രൂപയാണ് സര്‍ക്കാറിന് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
സമാനതകളില്ലാത്ത പ്രളയമാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായത്. ഹൃദയത്തില്‍ മനുഷ്യസ്‌നേഹമുള്ള ഓരോരുത്തരും ഏതെങ്കിലും രീതിയില്‍ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് നാം കണ്ടു. മറ്റിടങ്ങളിലായിരുന്നു ഇത്ര വലിയ പ്രളയമുണ്ടായതെങ്കില്‍ പിടിച്ചുനില്‍ക്കാനാവതെ തകര്‍ന്നു പോയെനെ. അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങള്‍ എടുത്തെന്നു വരും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നമ്മളൊന്നായി ധീരതയോടെ അതിനെ നേരിടുകയും അതിവേഗം ദുരന്തത്തില്‍ നിന്നു കരകയറുകയും ചെയ്തു. പ്രളയത്തില്‍ നശിച്ചത് അതേപടി പുനസൃഷ്ടിക്കുക എന്നതിലുപരി പുതിയൊരു കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഒരു ദിവസത്തെ കനത്ത മഴയില്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. രണ്ടിടത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ 85 പേര്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. കാലവര്‍ഷ ദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനും എല്ലാവരും സജ്ജരായിരിക്കണമെന്നും മന്ത്രി പറഞ്ഞു. മഴ, കാറ്റ്, തിരമാല തുടങ്ങിയവയുമായി ബന്ധപ്പെട്ട് നല്‍കുന്ന മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കുകയും മുന്‍കരുതലുകള്‍ കൈകൊള്ളുകയും വേണം. കഴിഞ്ഞ വര്‍ഷം പ്രളയം ശക്തിപ്പെടുന്ന വേളയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാനുള്ള അധികൃതരുടെ നിര്‍ദ്ദേശം പാലിക്കാന്‍ ആളുകള്‍ സന്നദ്ധരാവാതിരുന്നത് പിന്നീട് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നനുവദിച്ച സഹായധന വിതരണവും ദേശീയ കുടുംബ സഹായ നിധിയില്‍ നിന്നുള്ള സഹാവിതരണവും ചടങ്ങില്‍ നടന്നു. ദുരിതാശ്വാസ നിധിയില്‍ നിന്നും 24 പേര്‍ക്കായി 5.34 ലക്ഷം രൂപയും കുടുംബ സഹായ നിധിയില്‍ നിന്ന് 20000 രൂപ വീതം 30 പേര്‍ക്കുമായി ആറ് ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട അയ്യന്‍കുന്ന് വില്ലേജിലെ പുഴപുറമ്പോക്കില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങള്‍ക്ക് വീടു വെക്കാനുള്ള ഭൂമിയുടെ പ്രമാണങ്ങളും വിളമനയില്‍ വീട് നിര്‍മ്മിക്കുന്ന 15 കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ സ്‌കെച്ചും ചടങ്ങില്‍ വിതരണം ചെയ്തു. ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ എന്ന കമ്പനിയാണ് ഇവിടെ 15 കുടുംബങ്ങള്‍ക്കും വീട് വച്ചുനല്‍കുന്നത്.

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി ജില്ലയില്‍ ഇതിനകം 10 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 173 വീടുകള്‍ പൂര്‍ണ്ണമായും 1422 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ഇതില്‍ 33 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടമായി. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പകരം സ്ഥലം വാങ്ങി നല്‍കുകയും വീടു നിര്‍മാണം ആരംഭിക്കുകയും ചെയ്തു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് കെയര്‍ ഹോം പദ്ധതിയില്‍ 20 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി. ഇതിനു പുറമെ 19 വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. 15 വീടുകളുടെ നിര്‍മാണം ഹിന്ദുസ്ഥാന്‍ യൂണിയന്‍ ലീവര്‍ ലിമിറ്റഡ് ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. ഉടമസ്ഥര്‍ സ്വന്തമായി പുനര്‍ നിര്‍മിക്കുന്ന 119 വീടുകള്‍ക്കുള്ള ഒന്നാം ഗഡു ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇവയുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 78 പേര്‍ക്ക് രണ്ടാം ഗഡുവും 45 പേര്‍ക്ക് മൂന്നാം ഗഡുവും ഇതിനോടകം നല്‍കി. വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച 1422 പേര്‍ക്കും നഷ്ടത്തിന്റെ തോതനുസരിച്ച് ധനസഹായം വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും കാലവര്‍ഷത്തിലുമായി ജില്ലയില്‍ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ ധനസഹായം സമയബന്ധിതമായി നല്‍കാനായി. പ്രളയത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൃഷി നശിച്ചവര്‍ക്ക് ആറര കോടി രൂപ ധനസഹായം ഇതിനകം നല്‍കി. കൂടാതെ 2259 പേര്‍ക്ക് വിള ഇന്‍ഷൂറന്‍സും 132 പേര്‍ക്ക് ഭൂമിയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ ധനസഹായവും നല്‍കി. പ്രളയത്തില്‍ തകര്‍ന്ന കെഎസ്ഇബിയുടെ അഞ്ച് ട്രാന്‍സ്ഫോര്‍മറുകള്‍, 856 പോസ്റ്റുകള്‍, 9088 കിലോമീറ്റര്‍ ലൈനുകള്‍ എന്നിവ 45 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ പ്രളയ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. പ്രളയ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) എന്‍ കെ അബ്രഹാം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, എഡിഎം ഇ പി മേഴ്‌സി, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, കക്ഷി നേതാക്കളായ വെള്ളോറ രാജന്‍, വി വി പുരുഷോത്തമന്‍, ബ്ലോക്ക്-പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS