തൃശൂർ : കാലവർഷത്തിൽ ചേലക്കര നിയോജക മണ്ഡലത്തിൽ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി 10 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു. പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത വകുപ്പുതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, മൈനർ ഇറിഗേഷൻ, അഡീഷണൽ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, പൊതുമരാമത്ത്, ക്ഷീരവികസനം, വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകളിലും ബോർഡുകളിലുമായണ് നഷ്ടങ്ങൾ ഉണ്ടായത്.
കാലവർഷക്കെടുതിയിൽ 223 ഹെക്ടർ നെൽകൃഷി ഉൾപ്പെടെ 115 ഹെക്ടറിൽ പച്ചക്കറി, 76 ഹെക്ടറിൽ നേന്ത്രവാഴ അടക്കം 3 കോടി രൂപയുടെ വിളനാശം സംഭവിച്ചു. തോടുകളുടെ പാർശ്വഭിത്തി തകർന്നതിൽ 24 ലക്ഷം രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. പൂർണ്ണമായും 180 എൽടി ലൈൻ പോസ്റ്റുകളും 45 എച്ച്ടി ലൈൻ പോസ്റ്റുകളും 3 ട്രാൻസ്‌ഫോഫോർമറുകളും യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിച്ചു. അഡീഷണൽ ഇറിഗേഷൻ വകുപ്പിന് 25 ലക്ഷം രൂപയുടെയും ചീരക്കുഴി ഇറിഗേഷൻ പ്രൊജക്ടിന് 1.5 കോടി രൂപയുടെയും വാട്ടർ അതോറിറ്റിക്ക് 50 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്. കൂടാതെ ലിഫ്റ്റ് ഇറിഗേഷന് കീഴിൽ പാറക്കടവ്, ഇരിട്ടിച്ചിരിക്കുണ്ട്, പഴയന്നൂർ, അരക്കാമല, ചെറുതുരുത്തി, ദേശമംഗലം, പല്ലൂർ എന്നീ ഏഴ് പമ്പുകളിൽ വെള്ളം കയറി മോട്ടോറുകൾ നാശമായി. 25 ക്യാമ്പുകളിലായി 1546 പേരെയാണ് പ്രളയം ബാധിച്ചത്.
പ്രളയത്തിൽ വിവിധ വകുപ്പുകയിലുണ്ടായ നഷ്ടം കണക്കാക്കി സർക്കാരിന് സമർപ്പിച്ച് തുക അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും വീടുകൾ പൂർണ്ണമായും, ഭാഗികമായും തകർന്നത് ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരായവരെ കണ്ടെത്തി ആവശ്യമായ ധനസഹായം അനുവദിച്ചു നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ തലപ്പിള്ളി തഹസിൽദാർ രാജു, ദുരന്തനിവാരണ ഡെപ്യൂട്ടി തഹസിൽദാർ ബാബുരാജ്, പിഡബ്ല്യുഡി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ഇറിഗേഷൻ, മണ്ണ് സംരക്ഷണം, പട്ടികജാതി വികസനം, മൃഗസംരക്ഷണം, ചീരക്കുഴി ഇറിഗേഷൻ, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.