കേരളത്തിലെ ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സംസ്ഥാനത്തെത്തിയ പുതുച്ചേരി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി എ.കെ. സായ് ജെ. ശരവണൻകുമാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ചായിരുന്നു കൂടുക്കാഴ്ച.
കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ മന്ത്രി ചോദിച്ചറിയുകയും അവ നടപ്പിലാക്കിയ രീതികളെ സംബന്ധിച്ചു മനസിലാക്കുകയും ചെയ്തു. കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്നും അവയെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ടെന്നും പുതുച്ചേരി മന്ത്രി ചർച്ചയ്ക്കിടെ വ്യക്തമാക്കി.
കേരളത്തിലെ റേഷൻ കാർഡുകളിലെ എ.പി.എൽ, ബി.പി.എൽ, എ.എ.വൈ, പി.എച്ച്.എച്ച് എന്നിവയെക്കുറിച്ചും ഒരോന്നിന്റേയും സെലക്ഷൻ മാനദണ്ഡങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ദുരപയോഗം, ഗുണനിലവാരം ഉറപ്പുവരുത്തൽ എന്നിവയെ സംബന്ധിച്ച് ചർച്ച ചെയ്തു.
കേരളത്തിലെ പൊതുവിതരണ രംഗത്തെ മെച്ചപ്പെട്ട പ്രവർത്തനങ്ങളിൽ പുതുചേരി മന്ത്രി മതിപ്പു രേഖപ്പെടുത്തി. സെക്രട്ടേറിയറ്റി ലെത്തിയ അദ്ദേഹത്തെ മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഡി. സജിത് ബാബു, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നവരും മന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.