പാലക്കാട്: അട്ടപ്പാടിയില്‍ ഭക്ഷ്യവിഷബാധ കിലയുടെ ആസ്ഥാനത്ത് ട്രെയിനിങിനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഗളിയിലെയും കോട്ടത്തറയിലെയും ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. അഗളിയിലുള്ള കിലയുടെ ആസ്ഥാനത്ത് ഫുഡ് ടെക്ക്‌നോളജി കോഴ്‌സിന്റെ പരിശീലക്ലാസുകള്‍ക്കായി എത്തിയവര്‍ക്കാണ് ക്യാന്റീനില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റത്. ചോറും ചിക്കനും സാമ്പാറുംയും ക്യാന്റീനില്‍ നിന്ന് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും പനിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ പതിനാല് പേര്‍ പ്രാഥമിക ചികിത്സ തേടി. എട്ടുപേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ക്യാന്റീനിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും ഫലം ഉണ്ടായില്ലെന്നാണ് പരിശീലനത്തിനെത്തിയവര്‍ പറയുന്നത്. കുടിക്കാന്‍ നല്‍കിയത് മലിനമായ ജലം ആയിരുന്നെന്നും ആരോപണം ഉണ്ട്. അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒരാളും കോട്ടത്തറ ആശുപത്രിയില്‍ 7 പേരുമാണ് ചികിത്സയിലുള്ളത്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍.