ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

17

ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഹോസ്റ്റൽ സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്നറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നു. കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകൾ ശക്തമായി തുടരുന്നതാണ്. പഴകിയ ഭക്ഷണം നൽകാനോ ഭക്ഷണത്തിൽ മായം ചേർക്കാനോ പാടില്ല.

ഭക്ഷ്യ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമാണ്. ജിവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

NO COMMENTS

LEAVE A REPLY