തിരുവനന്തപുരം ∙ വിപണിയിലെ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുടെ അംശം കണ്ടെത്തിയതിനാൽ ഇവ ഉപയോഗിക്കുന്നതിനു മുൻപ് വാളൻപുളി വെള്ളത്തിൽ അര മണിക്കൂർ മുക്കിവച്ച ശേഷം ശുദ്ധജലത്തിൽ കഴുകി കോട്ടൺ തുണി കൊണ്ട് തുടച്ച് ഉപയോഗിക്കണമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ മുന്നറിയിപ്പ്.
പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ് പാചകത്തിനു സജ്ജമാക്കിയ (റെഡി ടു കുക്ക്) പഴങ്ങളോ പച്ചക്കറികളോ ഉപയോഗിക്കരുത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇവ വിൽക്കുന്നതിനു നിരോധനമുണ്ട്. ഇവ വിൽക്കുന്നതായി കണ്ടെത്തിയാൽ കേസെടുക്കും. ഒാണവിപണി ലക്ഷ്യമിട്ട് ചൂടോടെ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ പായസം വിൽക്കുന്നതും കുറ്റകരമാണ്. ചൂടാറിയ ശേഷമേ പാസയം കണ്ടെയ്നറുകളിൽ നിറയ്ക്കാവൂ എന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ കേശവേന്ദ്ര കുമാർ നിർദേശിച്ചു.