ഫുട്‌സാല്‍ ആദ്യദിനം മുംബൈക്കും കൊല്‍ക്കത്തയ്ക്കും വിജയം

159

ചെന്നൈ: കുട്ടി ഫുട്‌ബോളായ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ് പ്രഥമ സീസണില്‍ ആദ്യദിനം മുംബൈ ഫൈവ്സ്, കൊല്‍ക്കത്ത ഫൈവ്സ് ടീമുകള്‍ക്ക് ജയം. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ 4-2-ന് ആതിഥേയരായ ചെന്നൈ ഫൈവ്സിനെയും കൊല്‍ക്കത്ത റൊണാള്‍ഡീന്യോയുടെ ഗോവ ഫൈവ്സിനെയും (4-2) തോല്‍പ്പിച്ചു.
ബ്രസീല്‍ വംശജനായ ഇറ്റാലിയന്‍ താരം ഫോളിയോ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിലാണ് മുംബൈ ആതിഥേയരുടെ പ്രതീക്ഷ തകര്‍ത്തത്. ആന്‍ഗെലോട്ടും കെവിന്‍ റാമിറസും വിജയികളുടെ മറ്റുഗോളുകള്‍ നേടി. ചെന്നൈയ്ക്കായി സൂപ്പര്‍താരം ഫാല്‍ക്കാവോ, ഫിലോ എന്നിവര്‍ സ്‌കോര്‍ചെയ്തു. കളിയുടെ 10-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഫോളിയോയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. തൊട്ടടുത്ത മിനിറ്റില്‍ ഫോളിയോ തന്നെ മുംബൈയുടെ ലീഡുയര്‍ത്തി.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനമിനിറ്റില്‍ ആന്‍ഗെലോട്ടും 32-ാം മിനിറ്റില്‍ റാമിറസും സ്‌കോര്‍ ചെയ്തതോടെ മുംബൈ ജയമുറപ്പിച്ചു. എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകളുമായി ചെന്നൈ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുംബൈ നിരയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഗിഗ്സ് മികച്ച പ്രകടനം നടത്തി.
രണ്ടാം മത്സരത്തില്‍ റൊണാള്‍ഡീന്യോ തിളങ്ങാതെപോയതാണ് ഗോവയ്ക്ക് തിരിച്ചടിയായത്. പൗള, മുഹമ്മദ് ഇസ്ലം, ക്രെസ്പോ എന്നിവരുടെ ഗോളിന് പുറമേ മാര്‍ഷലിന്റെ സെല്‍ഫ് ഗോളും കൊല്‍ക്കത്താ അക്കൗണ്ടിലുണ്ട്. ഗോവയ്ക്കായി റാഫേലും സാന്റോസും എതിര്‍ വലകുലുക്കി. ആറാം മിനിറ്റില്‍ രണ്ടുതവണയാണ് ഗോവ വലയില്‍ പന്തെത്തിയത്. പൗളയും ഇസ്ലവുമാണ് സ്‌കോര്‍ ചെയ്തത്. 21-ാം മിനിറ്റില്‍ റാഫേല്‍ ഒരു ഗോള്‍ മടക്കി. 27-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രെസ്പോ ഗോള്‍ നേടിയതോടെ കൊല്‍ക്കത്തയ്ക്ക് 3-1ന്റെ ലീഡായി. 30-ാം മിനിറ്റില്‍ സാന്റോസിന്റെ ഗോളിലൂടെ ഗോവ തിരിച്ചുവരവിന് ശ്രമിച്ചു. ഇതിനിടെയാണ് മാര്‍ഷലിന്റെ കാലില്‍ത്തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ കയറിയത്. ഇതോടെ ഗോവ പരാജയം സമ്മതിച്ചു.
നിരവധി വിവാദങ്ങളെ മറികടന്നാണ് ആദ്യ ഫുട്‌സാല്‍ ലീഗിന് രാജ്യം അതിഥേയത്വം വഹിക്കുന്നത്. എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടിയോടെയാണ് ഫുട്‌സാല്‍ ലീഗിന് തുടക്കം കുറിച്ചത്. കേരളത്തില്‍നിന്നുള്ള ടീമായ കൊച്ചിക്ക് ശനിയാഴ്ച മുംബെയുമായാണ് ആദ്യ മത്സരം.

NO COMMENTS

LEAVE A REPLY