ആലപ്പുഴ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനത്തിലെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്പ് ആലപ്പുഴയില്‍ പഠിക്കാനെത്തിയ ഭൂട്ടാന്‍ സ്വദേശിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴ നഗരത്തോട് ചേര്‍ന്ന മുല്ലയ്ക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള അമ്മന്‍കോവില്‍ സ്ട്രീറ്റിലായിരുന്നു പെണ്‍കുട്ടി പീഡന ശ്രമത്തിന് ഇരയായത്. എഞ്ചനിയീറിങ് വിദ്യാര്‍ത്ഥിനിയായ ഭൂട്ടാന്‍ സ്വദേശി, മുല്ലയ്ക്കലിലെ സ്ഥാപനത്തില്‍ പഠനത്തിന്‍റെ ഭാഗമായുള്ള പരിശീലനത്തിന് എത്തിയതായിരുന്നു. രാവിലെ ഓഫീസിലേക്ക് നടന്നുവരുമ്പോള്‍ കറുത്ത നിറത്തിലുള്ള, 711 നമ്പര്‍ അവസാനിക്കുന്ന ബൈക്ക് മുന്‍ ഭാഗത്ത് നിന്ന് വേഗം കുറച്ച് വന്നു. വളരെ പെട്ടെന്ന് കുട്ടിയെ കടന്ന് പിടിച്ച ശേഷം സമീപത്തുള്ള ബാങ്കിന്‍റെ മുന്‍വശത്തുകൂടി കടന്നുപോവുകയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു. ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും രാജ്യത്തെ വിവിധ നഗരങ്ങളില്‍ താമസിച്ച തനിക്ക് ഇത്തരമൊരനുഭവം ആദ്യമായിട്ടാണെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് ശേഷം ഓഫീസിലെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആലപ്പുഴ നോര്‍ത്ത്പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയ്ക്കായി അന്വേഷണം തുടങ്ങി. സമീപത്തെ കടകള്‍ക്ക് മുന്നിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇരുചക്ര വാഹനത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവും പോലീസിന് കിട്ടിയല്ല. രണ്ട് ദിവസം മുമ്പ് ബോട്ട് ജെട്ടിക്കടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിന്‍റെ മുന്നില്‍ വെച്ചും പട്ടാപകല്‍ രണ്ട് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.