കോട്ടയം ; മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന്‍ എം ജോസഫ് (79) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
1987 മുതല്‍ 1991 വരെ നയനാര്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1987ല്‍ പൂഞ്ഞാറില്‍ നിന്നാണ് വിജയിച്ചത്. പാലാ സെന്റ് തോമസ് കോളേജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, എകെപിസിടിഎ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് വൈകിട്ട് നാലിന് പാലാ കടപ്പാട്ടൂരിലുള്ള വസതിയില്‍ കൊണ്ടുവരും. സംസ്‌കാര ചടങ്ങുകള്‍ നാളെയായിരിക്കും. ഭാര്യ എലിസബത്ത് ജോസഫ്, ഒരു മകനും മകളുമുണ്ട്.