ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ സഹോദരൻ സതീഷ് ഗുജ്റാള്‍ അന്തരിച്ചു.പ്രശസ്ത ചിത്ര കാരനും ശില്പിയും എഴുത്തുകാരനുമായ അദ്ദേഹത്തിന് രാജ്യം 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ലഹോറിലെ മയോ ആര്‍ട്സ് സ്കൂള്‍, മുംബൈ യിലെ ജെ.ജെ. സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നിവിടങ്ങളിലാ യിരുന്നു ചിത്രകലാപഠനം.
1952-ല്‍ മെക്സിക്കോയിലെ പാല്‍സിയോ ഡി ബെല്ലാസ് ആര്‍ട്സില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുകയും ഇവിടെ പ്രമുഖ ചിത്രകാരന്‍മാരായ ഡിയാഗോ റിവേറ, ഡേവിഡ് അല്‍ഫ്രോ സ്കറിയോസ് എന്നിവരുടെ ശിഷ്യനുമായി. ഇന്ത്യന്‍ വിഭജനകാലത്തും അടിയന്തരാവസ്ഥക്കാലത്തും ഉത്തരാധുനിക ചിത്രകലാശൈലികൊണ്ട് ശ്രദ്ധേയനായി. 1952 മുതല്‍ 74 വരെയുള്ള കാലത്ത് ന്യൂയോര്‍ക്ക്, മോണ്‍ട്രിയോള്‍, ബെര്‍ലിന്‍, ടോക്യോ തുടങ്ങിയ നഗരങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
കെട്ടിടരൂപകല്പനയിലും സതീഷ് ഗുജ്റാള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായിരുന്നു. അദ്ദേഹം രൂപകല്പനചെയ്ത ഡല്‍ഹിയിലെ ബെല്‍ജിയം എംബസി കെട്ടിടത്തെ ഇന്‍ര്‍നാഷണല്‍ ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ഇരുപതാംനൂറ്റാണ്ടിലെ ഉത്കൃഷ്ട കെട്ടിടങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു.
അദ്ദേഹത്തിന് 94 വയസ്സായിരുന്നു . 1925-ല്‍ പാകിസ്താനിലായിരുന്നു ജനനം.ഭാര്യ: കിരണ്‍. മക്കള്‍: മോഹിത് ഗുജറാള്‍, അല്‍പനാ ഗുജ്റാള്‍, രസീല്‍ ഗുജ്റാള്‍.