ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഐ.എന്‍.എക്സ്. മീഡിയ കേസില്‍ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു. കേസിനെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ എ.ഐ.സി.സി. ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ചു വീട്ടിലെത്തി താമസിയാതെയായിരുന്നു അറസ്റ്റ്. പത്രസമ്മേളനം നടത്തുമ്ബോള്‍ സി.ബി.ഐ. സംഘം കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് അറസ്റ്റിനായി കാത്തുനിന്നിരുന്നു. പത്രസമ്മേളനം കഴിഞ്ഞയുടന്‍ ഇവരെ മറികടന്ന് വാഹന നിരകളിലായി വീട്ടിലേക്കുനീങ്ങിയ ചിദംബരത്തിനു പിന്നാലെ സി.ബി.ഐ. സംഘവുമെത്തി.
അറസ്റ്റിനുശേഷം സി.ബി.ഐ. ആസ്ഥാനത്തു ചോദ്യംചെയ്യാനെത്തിച്ച അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കും.ഇടക്കാല അറസ്റ്റ് ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ചയേ പരിഗണിക്കൂ എന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കിയതിനു പിന്നാലെ അറസ്റ്റ് ഉറപ്പായിരുന്നു. സി.ബി.ഐ. ആസ്ഥാനത്ത് വൈകീട്ടോടെ യോഗംചേര്‍ന്ന ഉന്നതോദ്യോഗസ്ഥരാണ് അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചത്. രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ പ്രസ്താവനകളിലൂടെ ഇതിനു തടയിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഉദ്‌ഘോഷിക്കുന്ന പ്രസ്താവന നടത്താനും അറസ്റ്റിനെ ഭയമില്ലെന്നു പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ചിദംബരം മുന്നോട്ടുവരുകയായിരുന്നു.ബുധനാഴ്ച രാവിലെത്തന്നെ സി.ബി.ഐ.യും ഇ.ഡി.യും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ, ചിദംബരം എവിടെയെന്ന ആകാംക്ഷ മുറുകി.
ചൊവ്വാഴ്ച രാത്രിയില്‍ സി.ബി.ഐ.സംഘം രണ്ടുതവണ ചിദംബരത്തെ തേടി വീട്ടിലെത്തിയിരുന്നു. കാണാതെവന്നതോടെ രണ്ടുമണിക്കൂറിനുള്ളില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. പാര്‍ഥസാരഥിക്കുമുമ്ബാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് വീടിനുമുന്നില്‍ നോട്ടീസ് പതിച്ചു.ഇതിനെ ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദീപ് ഖുറാന ചോദ്യംചെയ്തു. അര്‍ധരാത്രിയില്‍ പുറത്തിറക്കിയ നോട്ടീസില്‍ രണ്ടുമണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുമ്ബാകെ ഹാജരാകാന്‍ ആവശ്യപ്പെടുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഖുറാന സി.ബി.ഐ.യ്ക്കു നല്‍കിയ കത്തില്‍ ചോദിച്ചു.ഇതു പരിഗണിക്കാതെ സി.ബി.ഐ. സംഘം നീങ്ങിയതോടെ രാവിലെമുതല്‍, അറസ്റ്റുണ്ടാവുമെന്ന ആശങ്ക ഉയര്‍ന്നു.
സംരക്ഷണം തേടിയുള്ള ചിദംബരത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കി.അപേക്ഷ പരിഗണിക്കില്ലെന്നുറപ്പായ മൂന്നുമണിയോടെ ചിദംബരം ഒളിവിലെന്ന മാധ്യമവാര്‍ത്തകള്‍ വന്നുതുടങ്ങി. ചിദംബരത്തെ വേട്ടയാടുകയാണെന്ന് പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ് നേതാക്കളും പ്രസ്താവനകളിറക്കി. രാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരമായി യോഗംചേര്‍ന്ന് ചിദംബരത്തിന്റെ പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ചിദംബരം പങ്കെടുക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചില്ല.
പത്രസമ്മേളനത്തിനു തൊട്ടുമുമ്പാണ് , മുന്നറിയിപ്പില്ലാതെ എ.ഐ.സി.സി. ആസ്ഥാനത്ത് ചിദംബരം കാറില്‍ വന്നിറങ്ങുന്നത്. തിങ്ങിക്കൂടിയ മാധ്യമങ്ങളോടു പ്രതികരിക്കാതെ അദ്ദേഹം കോണ്‍ഗ്രസ് ഓഫീസിനുള്ളിലേക്കു കയറി. പിന്നാലെ സി.ബി.ഐ. സംഘവുമെത്തി. അഭിഭാഷകരും നേതാക്കളുമായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, അഭിഷേക് സിഘ്‌വി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തിനൊരുങ്ങുമ്ബോള്‍ ചിദംബരം നാടകീയമായി പുഞ്ചിരിയോടെ എത്തി. എഴുതിത്തയ്യാറാക്കിയ പ്രസ്താവന വായിച്ചു. തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മറികടന്ന് ബുധനാഴ്ച രാത്രി 9.45-ഓടെയാണ് സി.ബി.ഐ. സംഘം ജോര്‍ബാഗിലെ വസതിയില്‍നിന്ന്