പുല്‍പ്പള്ളി • വയനാട്ടില്‍ വനപാലകരുടെ ജീപ്പ് കാട്ടാന തകര്‍ത്തു. ജീപ്പ് ഡ്രൈവര്‍ മാനുവല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടാമലയില്‍ നെയ്ക്കുപ്പ ഫോറസ്റ്റര്‍ മുസ്തഫ സാദിഖ് അടക്കമുള്ള ഉദ്യോഗസ്ഥരെ വനപരിശോധനയ്ക്കെത്തിച്ചു മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ നിന്ന കാട്ടാന അപ്രതീക്ഷിതമായി ജീപ്പിനു മുന്‍പിലേക്കു ചാടുകയായിരുന്നു. ജീപ്പിന്‍റെ മഡ്ഗാഡ് ചവിട്ടിപ്പൊളിച്ച ആന, ബോണറ്റ് അടിച്ചു തകര്‍ത്തു. വാഹനം ഓഫാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ മുന്നോട്ടെടുത്തപ്പോള്‍ ആന ഏറെ ദൂരം പുറകേ ഓടിയെന്നു മാനുവല്‍ പറയുന്നു. തലനാരിഴയ്ക്കു രക്ഷപ്പെട്ട മാനുവല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് വയനാട് ഡിഎഫ്‌ഒ അബ്ദുല്‍ അസീസ്, ചെതലയം റേഞ്ച് ഓഫിസര്‍ സജികുമാര്‍ രായരോത്ത്, ഡെപ്യൂട്ടി റേഞ്ചര്‍ സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.