ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് സഹതടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബി ഹജാന്‍, അജിത്, മനോജ്, കുല്‍വിന്ദര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികള്‍ക്കായി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ജയില്‍ വാര്‍ഡന്‍മാരായ രാം സ്വരൂപ്, വൈദ്യനാഥ് ശര്‍മ്മ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജയില്‍ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് 50ക്കാരനായ ഷക്കീറുള്ള എന്ന ഹനീഫ് മുഹമ്മദിനെ സഹതടവുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ടിവിയുടെ ശബ്‍ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാല് സഹതടവുകാരുമായി ഷക്കീറുള്ള തര്‍ക്കത്തിലായി. തുടര്‍ന്ന് സഹതടവുകാര്‍ ചേര്‍ന്ന് ഷക്കീറുള്ളയ്ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ജയില്‍ എസിപി ലക്ഷ്മണ്‍ ഗൗര്‍ പറഞ്ഞു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ഷക്കീറുള്ളയെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാര്‍ ജയിലിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷക്കീറുള്ള 2011 മുതല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. ഭീകര സംഘടനയായ ലഷ്ക്കറെ ത്വയ്ബയില്‍ അംഗമാണ് ഷക്കീറുള്ള. സംഭവത്തില്‍ സഹതടുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെത്തു.