യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ റിമാന്‍ഡില്‍

46

ഓയൂര്‍: അമ്പലംകുന്ന് വട്ടപ്പാറയില്‍ അജ്സല്‍ മന്‍സിലില്‍ അജ്സല്‍ അയ്യൂബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ റിമാന്‍ഡില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം യുവാവിന്റെ പിതാവില്‍ നിന്ന് 10 ലക്ഷംരൂപ വാങ്ങാനായിരുന്നു പദ്ധതിയെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കിയ പ്രദേശവാസിയും അജ്സലിന്റെ ബന്ധുവുമായ മീയന പെരുപുറം വയലില്‍ വീട്ടില്‍ സലിം (48), ക്വട്ടേഷന്‍ സംഘാംഗങ്ങളായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിളപുത്തന്‍വീട്ടില്‍ സലീം (48), ശ്രീലങ്കന്‍തമിഴ് വംശജരായ കുളത്തൂപ്പുഴ കൂവക്കാട് ആര്‍.പി.എല്‍ ഒണ്‍.സി കോളനിയില്‍ പോള്‍ ആന്റണി ( 38), കുളത്തൂപ്പുഴ ആര്‍.പി.എല്‍ ടു.ജെ കോളനിയില്‍ രാഹുല്‍ (24) എന്നിവരാണ് റിമാന്‍ഡിലായത്.

ചൊവ്വാഴ്ച്ച വൈകിട്ട് വീട്ടിനു മുന്നില്‍ നിന്ന അജ്സലിനെ കാറിലെത്തിയ സംഘം വാര്‍ഡ് മെമ്ബര്‍ സഹീദിന്റെ വീട് കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് അനുനയത്തില്‍ കാറില്‍ കയറ്റിക്കൊണ്ടുപോവുക യായിരുന്നു. വീടിന്റെ സമീപത്ത് എത്തിയിട്ടും കാര്‍ നിറുത്താത്തതിനെ തുടര്‍ന്ന് അജ്സല്‍ ബഹളം വയ്ക്കുകയും കാറിന്റെ വേഗത കുറഞ്ഞപ്പോള്‍ സംഘത്തെ വെട്ടിച്ച്‌ പുറത്ത് ചാടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഘം വലയിലാകുന്നത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: അജ്സലിന്റെ അകന്ന ബന്ധുവും നാട്ടുകാരനുമായ മീയന സ്വദേശി സലിമിന് അഞ്ചരലക്ഷംരൂപയോളം കടബാദ്ധ്യതയുണ്ട്. ഇത് തീര്‍ക്കുന്നതിനു വേണ്ടി കണ്ടെത്തിയ മാര്‍ഗമാണ് തട്ടിക്കൊണ്ട് പോകല്‍. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പുനലൂര്‍ വാളക്കോട് സ്വദേശി സലീമിന്റെ കാറാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് മനസിലാക്കി കാറും പ്രതികളെയും കസ്റ്റഡിയില്‍ എടുത്തു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വെളിയിലാകുന്നത്. കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവര്‍ട് കീലറുടെ നിര്‍ദേശപ്രകാരം പൂയപ്പള്ളി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ചടയമംഗലം സി.ഐ ബി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

NO COMMENTS