ദില്ലി: കനത്ത ചൂടുകാരണം കേരള എക്സ്പ്രസ് തീവണ്ടിയിലെ നാല് യാത്രക്കാര്‍ മരിച്ചു. ഇന്നലെ ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. എസ്8, എസ്9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ ത്സാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശികളായ ബുണ്ടൂര്‍ പളനിസ്വാമി, ചിന്നാരെ, ദിവാനൈ, ബാല്‍കൃഷ്ണ രാമസ്വാമി എന്നിവരാണ് മരിച്ചത്. മൂന്നുപേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരവാസ്ഥയിലുമാണ് കണ്ടെത്തിയത്. ഇയാളെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന സുബ്ബരയ്യ എന്നയാള്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.
വാരണാസിയിലും ആഗ്രയിലും വിനോദയാത്രക്കെത്തിയ 68 അംഗ സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം. ആഗ്ര കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. സംഘത്തിലെ ഭൂരിപക്ഷം പേരും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ തന്നെ ഇവര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികള്‍ വ്യക്തമാക്കി.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ചയും ട്രെയിനില്‍ യാത്ര ചെയ്ത രണ്ടുപേര്‍ മരിച്ചിരുന്നു.