ദോഹ : മൊറോക്കന്‍ പ്രതിരോധത്തെ തകര്‍ത്തു കൊണ്ട് ഫ്രാന്‍സ് ഫൈനലിലേക്ക്.ഫ്രഞ്ച് പടയ്ക്കായി തിയോ ഹെര്‍ണാണ്ടസും കോലോ മഔനിയും ഗോളുകള്‍ നേടി.
ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞു വിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്.
ഒരു ആഫ്രിക്കന്‍ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്ബ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.
ലോകകപ്പില്‍ ഒരു ഓണ്‍ ഗോള്‍ അല്ലാതെ മറ്റൊരു ഗോള്‍ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കന്‍ പ്രതിരോധത്തെ തകര്‍ത്തു കൊണ്ടാണ് ഫ്രാന്‍സ് തുടങ്ങിയത്. ആര്‍ത്തിരമ്ബിയ മൊറോക്കന്‍ ആരാധകരെ നിശബ്ദരാക്കാന്‍ ഫ്രഞ്ച് കരുത്തന്മാര്‍ക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേല്‍ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോള്‍ മൊറോക്കന്‍ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാന്‍ പന്ത് എംബാപ്പെയിലേക്ക് നല്‍കി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെര്‍ണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങള്‍ മൊറോക്കന്‍ ആവനാഴിയില്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാന്‍ ഉള്‍പ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു.
ലക്ഷ്യം ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോ ആയിരുന്നു രണ്ടാം പകുതിയില്‍ കളത്തില്‍. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്ബരിപ്പിക്കാന്‍ ആഫ്രിക്കന്‍ വീര്യത്തിന് സാധിച്ചു. മൊറോക്കന്‍ ആക്രമണത്തിനിടെ പന്ത് കിട്ടിയ എംബാപ്പെയുടെ മിന്നല്‍ പോലെയുള്ള പോക്കാണ് രണ്ടാം പാതിയെ ആദ്യം ത്രസിപ്പിച്ചത്.
ഫ്രഞ്ച് കരുത്തന് പിന്നാലെ പാഞ്ഞ അംബ്രബാ ത്തിന്റെ ടാക്കിള്‍ മൊറോക്കോയെ രക്ഷിച്ചു. പിന്നാലെ തുര്‍ച്ചയായ രണ്ട് മുന്നേറ്റങ്ങള്‍ നടത്തിയ മൊറോക്കോ ഗോളിന് തൊട്ട് അടുത്ത് വരെയെത്തി. എന്നാല്‍, സെന്റര്‍ ബാക്കുകളായ വരാന്റെയും കൊനാറ്റയുടെയും കരളുറപ്പിന് മുന്നില്‍ നിരാശരായി മടങ്ങിയ ആഫ്രിക്കന്‍ പട അടുത്ത കുതിപ്പിനുള്ള വല നെയ്തു.