ഫ്രാങ്ക്‌സ്വാ മസാബ്രൗവുമായി ആര്‍ട്ട് ടോക്ക് സംഭാഷണം

261

കൊച്ചി: അലഞ്ഞ് തിരിയലില്‍ നിന്നു കിട്ടുന്ന അനുഭവങ്ങളെ കലാരൂപത്തിലേക്ക് പരിണമിപ്പിക്കുന്ന ഫ്രഞ്ച് ആര്‍ട്ടിസ്റ്റാണ് ഫ്രാങ്ക്‌സ്വാ മസാബ്രൗ. കൊച്ചി മുസരിസ് ബിനാലെയുടെ മൂന്നാം ലക്കത്തില്‍ പങ്കെടുക്കാനെത്തുന്ന ഫ്രാങ്ക്‌സ്വായുമായാണ് ആര്‍ട്ട് ടോക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്. സപ്തംബര്‍ 7ന് വൈകീട്ട് അഞ്ച് മണിക്ക് ബി ടി എചില്‍ വച്ചാണ് ഇന്‍സൈഡ് ദ ഫോര്‍ത്ത് വാള്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടി.

സഞ്ചരിക്കുന്ന നഗരത്തിന്റെ സൂക്ഷ്മമായ നീരീക്ഷണമാണ് തന്റെ ചിന്താബോധം വിപുലീകരിക്കാന്‍ ഫ്രാങ്ക്‌സ്വാ മസാബ്രൗ ഉപയോഗിക്കുന്നത്. ലോകം മുഴുവന്‍ സഞ്ചരിച്ച തന്റെ ജീവിതാനുഭവം അദ്ദേഹത്തില്‍ നിന്നും നേരിട്ട് മനസിലാക്കാന്‍ കൊച്ചിയിലെ കലാസ്വാദകര്‍ക്ക് കിട്ടുന്ന അസുലഭ അവസരമാകും ബിനാലെ ആര്‍ട്ട് ടോക്ക്.

വാസ്തവവും കഥയും തമ്മിലുള്ള അന്തരം മസാബ്രൗ സൃഷ്ടികളില്‍ കാണാവുന്നതാണ്. അടയാളങ്ങള്‍, നശ്വരത, വ്യത്യസ്തമായ ഇടങ്ങള്‍ തമ്മിലുള്ള താരതമ്യം അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രത്യേകതയാണ്. അതു വഴി ഏതൊരു നഗരവും ഒരു പുസ്തകമായി മാറുന്നു. അതിന്റെ പേജുകള്‍ മതിലുകളും താളുകള്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളുമായി മാറുന്നു. ഇതു വഴി വസ്തുതകളെ കഥാരൂപത്തില്‍ പരിണമിപ്പിക്കാമെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ദിനം തോറുമുള്ള ഇത്തരം അനുഭവശീലങ്ങളെ സ്റ്റുഡിയോയുടെ പശ്ചാത്തലത്തിലേക്ക് എങ്ങിനെ മാറ്റാനാകുമെന്ന ചോദ്യം ആര്‍ട്ട് ടോക്കിന്റെ സംഭാഷണത്തിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് മസാബ്രൗ പറയുന്നു. വസ്തുതയും കഥയും തമ്മിലുള്ള അന്തരമാണ് ഇഷ്ടവിഷയം. തികച്ചും വൈരുദ്ധ്യമായതാണ് സൃഷ്ടികള്‍. രഹസ്യവും അദൃശ്യതയും, ലളിതവും എന്നാല്‍ സങ്കീര്‍ണവും, പരിചിതവും അപരിചിതവും, ഒളിച്ചു വയ്ക്കപ്പെട്ടതും പ്രദര്‍ശിപ്പിച്ചതും എന്നിങ്ങനെ കാണുന്നവരില്‍ ഒരേസമയം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഇത്തരം സൃഷ്ടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കലാസൃഷ്ടികള്‍ക്ക് പൊതു ഇടങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയും ചര്‍ച്ചാവിഷയമാകും. സ്വന്തം കലാസൃഷ്ടികളുടെ ഏറ്റവും വലിയ വിമര്‍ശകന്‍ താന്‍ തന്നെയാണ്. നാലാം മതിലിനുള്ളില്‍ നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY