തൃപ്പൂണിത്തുറ: സംസ്ഥാനത്തെ എടിഎം കവര്‍ച്ചക്കേസുകളിലെ മുഖ്യപ്രതിയായ രാജസ്ഥാന് സ്വദേശി പപ്പി മിയോയ (32) യെ അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ചു. എറണാകുളം ഇരുന്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ എസ്ബിഐയുടെ എടിഎമ്മും തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ എടിഎമ്മുകളും കുത്തിത്തുറന്നു 35,05200 രൂപ കവര്‍ന്ന സംഘത്തിലെ ആറു പ്രതികളില്‍ പ്രധാനിയാണിയാള്‍.
കേരളത്തിലെ എടിഎം കവര്‍ച്ചയ്ക്കുശേഷം പപ്പി ഡല്‍ഹിയില്‍ മറ്റൊരു വാഹനമോഷണ കേസിലും എടിഎം കവര്‍ച്ച കേസിലും പിടിക്കപ്പെട്ടു ഡല്‍ഹിയില്‍ തിഹാര്‍ ജയിലില്‍ ആയിരുന്നു. അവിടെനിന്നു കോടതി അനുമതിയോടെയാണു കൊച്ചിയിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേരളത്തില്‍ കവര്‍ച്ചകള്‍ നടന്നത്. ഹരിയാന സ്വദേശിയായ ഹനീഫ് (37), രാജസ്ഥാന് സ്വദേശിയായ നസീം (24) എന്നീ പ്രതികളെ നവംബറില്‍ പിടികൂടിയിരുന്നു. കവര്‍ച്ചാ സംഘത്തിലെ അസം, അലീം, ഷെഹ്സാദ് എന്നിവരെ കൂടി പിടികിട്ടാനുണ്ട്.
ഉത്തരേന്ത്യയില്‍നിന്നു ലോറികളില്‍ ലോഡുമായി കേരളത്തിലേക്കു പുറപ്പെട്ടതായിരുന്നു പ്രതികളായ നസീം, അസം, അലീം എന്നിവര്‍. ഡല്‍ഹിയില്‍നിന്നു വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിയ ഹനീഫ്, ഷെഹ്സാദ്, പപ്പി എന്നിവര്‍ ഇവരോടൊപ്പം ചേര്‍ന്ന് ഒരുമിച്ചു കേരളത്തിലെത്തി. പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളില്‍ ലോഡ് ഇറക്കിയശേഷം കോട്ടയത്തെത്തി മണിപ്പുഴയില്‍നിന്നു പിക്കപ്പ് വാന്‍ മോഷ്ടിച്ചാണ് എടിഎം കവര്‍ച്ചയ്ക്കു പുറപ്പെട്ടത്.