കാസറകോട് : സംസ്ഥാനത്തെ മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ജില്ലയില്‍ ആരംഭിച്ചു. റേഷന്‍ കാര്‍ഡില്‍ അവസാന അക്കം പൂജ്യം ഉള്ളവര്‍ക്കാണ് ഇന്നലെ (ഏപ്രില്‍ 27) വിതരണം ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ 17 സാധനങ്ങള്‍ അടങ്ങിയ (പഞ്ചസാര 1 കിലോഗ്രാം, കടല 1 കിലോഗ്രാം, പരിപ്പ് 250 ഗ്രാം,ചെറുപയര്‍ 1 കിലോഗ്രാം, കടുക് 100 ഗ്രാം, ഉലുവ 100 ഗ്രാം, സണ്‍ഫ്‌ലവര്‍ ഓയില്‍ 1 ലിറ്റര്‍, വെളിച്ചെണ്ണ 1 ലിറ്റര്‍, ഉപ്പ് 1 കിലോഗ്രാം, മുളക് പൊടി 100 ഗ്രാം, മല്ലി പൊടി 100 ഗ്രാം, മഞ്ഞള്‍ പൊടി 100 ഗ്രാം, ആട്ട 2 കിലോഗ്രാം, റവ 1 കിലോഗ്രാം, ചായ പൊടി 250 ഗ്രാം, സോപ്പ് രണ്ട് ) പല വ്യഞ്ജന കിറ്റുകള്‍ ജില്ലയിലെ പിങ്ക് കാര്‍ഡ് വിഭാഗത്തില്‍ പെട്ട കാര്‍ഡുടമകള്‍ക്കാണ് ലഭിക്കുക .
അവശ്യ സാധനങ്ങള്‍ അടങ്ങിയ ഈ കിറ്റുകളുടെ വിതരണത്തിന് റേഷന്‍ കടകളില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരമാണ് വിതരണം. അക്കം ഒന്ന് വരുന്നവര്‍ക്ക് ഇന്നും (ഏപ്രില്‍ 28) അവസാന അക്കം രണ്ട് വരുന്നവര്‍ക്ക് ഏപ്രില്‍ 29 നും അവസാന അക്കം മൂന്ന് വരുന്നവര്‍ക്ക് ഏപ്രില്‍ 30 നും അവസാന അക്കം നാലു വരുന്നവര്‍ക്ക് മെയ് രണ്ടിനും അവസാന അക്കം അഞ്ച് വരുന്നവര്‍ക്ക് മെയ് മൂന്നിനും അവസാന അക്കം ആറ് വരുന്നവര്‍ക്ക് മെയ് നാലിനും അവസാന അക്കം ഏഴ് വരുന്നവര്‍ക്ക് മെയ് അഞ്ചിനും അവസാന അക്കം എട്ട് വരുന്നവര്‍ക്ക് മെയ് ആറിനും അവസാന അക്കം ഒന്‍പത് വരുന്നവര്‍ക്ക് മെയ് ഏഴിനും കിറ്റ് വിതരണം ചെയ്യും
മെമ്പറുടെ സാക്ഷ്യപ്പെടുത്തലോടെ അടുത്തുള്ള റേഷന്‍ കടയില്‍ നിന്നും കിറ്റ് വാങ്ങാം
ലോക്ക് ഡൗണ്‍ കാരണം താമസസ്ഥലത്തു നിന്നും മാറി താമസിക്കുന്ന മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് അതത് വാര്‍ഡ് മെമ്പറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള റേഷന്‍ കടയില്‍ നിന്നും കിറ്റ് വാങ്ങാം. സാമൂഹിക അകലം കര്‍ശനമായി പാലിച്ചു കൊണ്ടാണ് കിറ്റ് വിതരണം നടത്തുന്നത് . സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത റേഷന്‍ കട ഉടമകളില്‍ നിന്നും 1000 രൂപ ഫൈന്‍ ഈടാക്കും.
പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) സൗജന്യ അരി ഏപ്രില്‍ 30 വരെ വാങ്ങാം.