കൊല്ലം : സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭയാനകമായ സാഹചര്യം രാഷ്ട്രം മുഴുവന്‍ നില നില്‍ക്കുന്നു. മാധ്യമങ്ങളെ നിഷ്‌ക്രിയമാക്കുന്ന സാഹചര്യം ജനാധിപത്യ വ്യവസ്ഥിതിക്ക് വലിയ വെല്ലുവിളി യാണെന്ന് ഡോ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കേരള സര്‍വകലാശാലയക്ക് കീഴിലുള്ള കോളജുകളിലെ മാഗസിന്‍ എഡിറ്റര്‍മാരുടെ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രക്ഷുബ്ധമായ ക്യാമ്പസിന്റെ പ്രതിഫലനം കലാലയ മാഗസിനുകളില്‍ വരുന്നത് സ്വാഭാവികമാണ്.
ഈ സാഹചര്യത്തില്‍ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത് വിദ്യാര്‍ഥികളേയും യുവാക്കളേയുമാണ്. ഇന്റര്‍നെറ്റ് വന്നതോടെ ആര്‍ക്കും മാധ്യമ പ്രവര്‍ത്തകരാകാമെന്ന അവസ്ഥയാണ്. ഉത്തരവാദിത്തമില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിലേക്ക് സാമൂഹ്യ മാധ്യമങ്ങള്‍ എത്തിയിരിക്കുന്നു. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനത്തിന് പരിശീലനവും ആത്മനിയന്ത്രണവും അത്യന്താപേക്ഷിതമാണ് – അദ്ദേഹം പറഞ്ഞു.
സത്യസന്ധവും നിക്ഷ്പക്ഷവുമായി വേണം മാധ്യമ പ്രവര്‍ത്തനം നടത്താനെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ യൂസഫ് ജമീല്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. മീഡിയ അക്കാഡമിയുടെ സ്‌നേഹോപഹാരം ഡോ സെബാസ്റ്റ്യന്‍ പോള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. കോളേജ് മാഗസിനുകള്‍ക്കായി മീഡിയ അക്കാഡമി ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു.
രണ്ടു ദിവസമായി കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ശില്‍പശാലയുടെ സമാപന സമ്മേളനത്തില്‍ മീഡിയ അക്കാഡമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ എം ശങ്കര്‍, മീഡിയ അക്കാഡമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ ആര്‍ റിയാസ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി ടി അഞ്ജു കൃഷ്ണ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി അനന്തു എന്നിവര്‍ സംസാരിച്ചു.