വരള്‍ച്ചയില്‍ നിന്ന് മോചനം; കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

171

കാസര്‍കോട് : കാസര്‍കോട് ജില്ലയെ വരള്‍ച്ചയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ദാഹമകറ്റാന്‍ വെള്ളത്തിനായി പരക്കംപായുന്ന നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തങ്ങളാണ് നടത്തുന്നത്.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ ടാങ്കര്‍ ലോറികളിലായി 36 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും പൊതുജനത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനാവശ്യമായ കുടിവെള്ളവിതരണം തുടരുകയാണ്. ഇതിനായി 52 വാഹനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഇത്തരത്തില്‍ ലോറിയില്‍ പൊതുജത്തിന് വെള്ളമെത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ലോറിയില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥനും ഉണ്ടാകും. പഞ്ചായത്തുകളില്‍ കൃത്യമായി ജലം എത്തിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ സേവനം ഉപയോഗിക്കുന്നത്.

ശുദ്ധജല വിതരണത്തിനായി പഞ്ചായത്തുകള്‍ക്ക് അവരുടെ പ്ലാന്‍ ഫണ്ട്, തനത് ഫണ്ട് തുടങ്ങിയവ ജലവിതരണത്തിനായി ഉപയോഗിക്കാം. ഈ രണ്ട് ഫണ്ടും ഇല്ലെങ്കില്‍ എസ്ഡിആര്‍എഫില്‍ ജില്ലാ കളക്ടര്‍ ഫണ്ട് അനുവദിക്കും. കുഴല്‍കിണര്‍ കുഴിക്കുന്നവര്‍ ബന്ധപ്പെട അധികാരികളില്‍ നിന്ന് അനുമതി നേടണം. അല്ലാത്തപക്ഷം അവര്‍ക്കെതിരെ നടപടി എടുക്കും. അനുമതിയില്ലാതെ പുഴയില്‍ നിന്ന് വെള്ളമെടുക്കാനും പാടില്ല. കാര്‍ഷിക ആവശ്യത്തിനാണെങ്കില്‍ പോലും അനുമതിയില്ലാതെ പുഴയില്‍ നിന്ന് ജലമെടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പഞ്ചായത്തീരാജ് നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടി സ്വീകരിക്കും.

വരള്‍ച്ചയുടെ ഭാഗമായി കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കൃഷി വകുപ്പ് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്ന് പണം അനുവദിക്കും. കന്നുകാലി, ആട് മുതലായവ ചത്ത് പോയാല്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പണം അനുവദിക്കുക. പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കകള്‍ക്ക് പുറമെ വിദൂരസ്ഥലങ്ങളില്‍ നേരിട്ടും കുടിവെള്ള വിതരണം ഉറപ്പ് വരുത്തിയിട്ടുണ്ട്.

NO COMMENTS