ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിനു മുമ്പ് ഉണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിന് പ്രഖ്യാപിച്ച ആംനസ്റ്റി സ്വീകരിക്കാനുള്ള ഓൺലൈൻ അപേക്ഷകൾ മേയ് 15 മുതൽ വ്യാപാരികൾക്ക് സമർപ്പിക്കാം. കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വില്പന നികുതി, കാർഷികാദായ നികുതി, പൊതുവിൽപന നികുതി, സർചാർജ് നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾക്ക് പദ്ധതി ബാധകമാണ്.
നികുതി കുടിശ്ശികയുള്ള വ്യാപാരികൾ നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ എടുക്കണം. അതിന് ശേഷം നികുതി കുടിശ്ശികയുള്ള വ്യാപാരികൾക്ക് വെബ്സൈറ്റ് ലോഗിൻ ചെയ്ത് അവരുടെ താല്കാലികമായി തിട്ടപ്പെടുത്തിയ കുടിശ്ശിക വിവരങ്ങൾ കാണാം. കുടിശ്ശിക വിവരങ്ങൾ ശരിയാണെങ്കിൽ ഓപ്ഷൻ സമർപ്പിക്കാം.
കുടിശ്ശികയെക്കാൾ കൂടുതൽ കുടിശ്ശിക നിലവിലുണ്ടെങ്കിലോ കാണിച്ചിരിക്കുന്നതിനേക്കാൾ കുറവുണ്ടെങ്കിലോ കുടിശ്ശിക വിവരങ്ങൾ സ്വയം തിട്ടപ്പെടുത്തി എഡിറ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കണം. ഓപ്ഷൻ നികുതി നിർണ്ണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശ്ശിക അടയ്ക്കാം.