ഹൈദരാബാദ് : തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുര്‍ഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം വൈദ്യുതി മുടക്കം പതിവായതില്‍ രോഷാകുലരായ നാട്ടുകാര്‍ വൈദ്യുതിവകുപ്പിലെ രണ്ട് ജീവനക്കാരെ കെട്ടിയിട്ടു. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് വൈദ്യുതി ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്റെ റീഡിങ് എടുക്കാന്‍ രണ്ട് ജീവനക്കാര്‍ മേഡക് ജില്ലയിലെ അലദുര്‍ഗ് മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് ശനിയാഴ്ച പോയിരുന്നു. ഇവരെ നാട്ടുകാര്‍ തടഞ്ഞുവച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്നും ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്നീഷ്യനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു.
പിന്നാലെ ജീവനക്കാരുമായി വാക്കുതര്‍ക്കമായി. ഇതില്‍ കുപിതരായ നാട്ടുകാര്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ തൂണില്‍ ഉദ്യോഗസ്ഥരെ കെട്ടിയിടുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാരില്‍ ഒരാള്‍ ഓഫീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയറും പൊലീസ് സബ് ഇന്‍സ്പെക്ടറും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിടാന്‍ നാട്ടുകാര്‍ തയ്യാറായത്.
വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉറപ്പുനല്‍കി. വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി നിലനില്‍ക്കെ റീഡിങ് എടുക്കാന്‍ എത്തിയ രണ്ടു ജീവന ക്കാരെയാണ് നാട്ടുകാര്‍ തൂണില്‍ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.അതേസമയം, രണ്ട് ജീവനക്കാരുടെയും പരാതിയെ തുടര്‍ന്ന് നാട്ടുകാരായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.