സമ്പൂർണ ഹൈടെക് ക്ലാസ് റൂം: ജില്ലയിലെ 1270 സ്കൂളുകളിൽ ഒരുക്കിയത് 31130 ഐടി ഉപകരണങ്ങൾ

102

തിരുവനന്തപുരം :എല്ലാ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിൻ്റെ മുന്നേറ്റത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിൽ സ്ഥാപിച്ചത് 31130 ഐടി ഉപകരണങ്ങൾ. ജില്ലയിലെ 1270 വിദ്യാലയങ്ങളിലായാണ് ഇവ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈടെക് നിലവാരത്തിലാക്കിയ ക്ലാസ് റൂമുകൾ ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്.

സർക്കാർ- എയ്ഡഡ് വിഭാഗങ്ങളിലെ ഒന്നുമുതൽ 7 വരെ ക്ലാസുകളുള്ള 868ഉം 8 മുതൽ 12 വരെ ക്ലാസുള്ള 402ഉം സ്കൂളുകളിൽ ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂർത്തിയായി. 9,507 ലാപ്‌ടോപ്പ്, 5,775 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 7,970 യു.എസ്.ബി. സ്പീക്കര്‍, 3,694 മൗണ്ടിംഗ് അക്‌സസറീസ്, 2,613 സ്‌ക്രീന്‍, 379 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 399 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 401 എച്ച്.ഡി വെബ്ക്യാം, 392 43” ടെലിവിഷന്‍ എന്നിവയും സ്ഥാപിച്ചു. 1,032 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.

പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വിന്യസിച്ചത്. വിവിധ ക്ലാസ് മുറികളിലായി 691 ഉപകരണങ്ങൾ സ്ഥാപിച്ചു. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിൽ 356 ഉം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 342 ഉം ഉപകരണങ്ങൾ സ്ഥാപിച്ചു. 15194 അധ്യാപകർക്ക് പ്രത്യേക ഐ.ടി. പരിശീലനവും നൽകി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) ആണ് ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 48.61 കോടിയും പ്രാദേശിക തലത്തില്‍ 7.56 കോടി രൂപയും ഉള്‍പ്പെടെ 56.17 കോടി രൂപയാണ് ജില്ലയിൽ ചെലവാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. പദ്ധതി പൂർത്തീകരണത്തിൻ്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിൻ്റെയും പ്രഖ്യാപനം നാളെ (12 ഒക്ടോബർ) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

NO COMMENTS