തിരുവനന്തപുരം: നികുതി സംബന്ധമായ നാനാത്വത്തില്‍നിന്ന് ഇന്ത്യയെ ഒറ്റ നികുതിയുടെ ഏകത്വത്തിലേക്കു മാറ്റാന്‍ ചരക്കുസേവന നികുതി(ജിഎസ്ടി)ക്കു കഴിയുമെന്ന് വ്യവസായ അഡിഷനല്‍ ചീഫ് സെക്രട്ടറി ശ്രീ പോള്‍ ആന്റണി പറഞ്ഞു. നികുതിയുടെ കാര്യത്തില്‍ വിഘടിതമായിരിക്കുന്ന ഇന്ത്യയെ ജിഎസ്ടി ഒറ്റ വിപണിയായി മാറ്റും. ബഹുമുഖ നികുതികള്‍ ഒരു കുടക്കീഴിലാകുമ്പോള്‍ വ്യവസായങ്ങള്‍ വളര്‍ച്ച നേടുമെന്നും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാന വര്‍ധന നേടാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത ഏപ്രില്‍ മുതല്‍ രാജ്യത്തു നിലവില്‍ വരുന്ന ജിഎസ്ടിയെയും അതിന്റെ തുടര്‍ഫലങ്ങളെയും പറ്റി സംസ്ഥാന വ്യവസായ വകുപ്പ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുമായി ചേര്‍ന്നു നടത്തിയ ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ. പോള്‍ ആന്റണി. ജിഎസ്ടി ആസൂത്രണം സംബന്ധിച്ച നടപടിക്രമങ്ങളില്‍ ഇടപെടാനും ആശങ്കകളും നിര്‍ദേശങ്ങളും അറിയിക്കാനും ഇപ്പോള്‍ വ്യവസായ സമൂഹത്തിന് അവസരമുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യവസായികളോട് അഭ്യര്‍ഥിച്ചു.
ഒറ്റ നികുതി, ഒറ്റ രാഷ്ട്രം, ഒറ്റ വിപണി എന്ന അവസ്ഥയിലേക്കുള്ള മുന്നേറ്റമാണ് ജിഎസ്ടിയിലൂടെ സാധ്യമാകുന്നതെന്ന് ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കമ്മിഷണര്‍ ശ്രീ. പുല്ലേല നാഗേശ്വര റാവു പറഞ്ഞു. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് ജിഎസ്ടി പ്രചോദനമാകും. നികുതി നിരക്കുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുകയും നികുതി ഘടന സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന രാജ്യത്ത് ജിഎസ്ടി വരുന്നതോടെ നികുതിനിരക്കുകളെപ്പറ്റി വ്യവസായികള്‍ക്ക് ധാരണയുണ്ടാകുന്ന അവസ്ഥ വരും. ഇത് ബിസിനസ് നന്നായി ആസൂത്രണം ചെയ്യാനും വളര്‍ച്ച നേടാനും വ്യവസായികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതിദായക പക്ഷത്തുള്ള നികുതിയാണ് ജിഎസ്ടി. വ്യവസായികള്‍ ഇതിനെ ഭയക്കേണ്ടതില്ല. ജിഎസ്ടി വ്യവസായികളുടെ ഭാവിയാണെന്നും അതേപ്പറ്റി മതിയായ ധാരണയുണ്ടാക്കാന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജിഎസ്ടി വരുന്നതോടെ വ്യവസായികള്‍ക്ക് ഒറ്റ സംവിധാനത്തിലൂടെ നികുതി സംബന്ധിച്ച നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വ്യവസായ-വാണിജ്യ ഡയറക്ടര്‍ ശ്രീ. പി.എം. ഫ്രാന്‍സിസ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന നികുതികള്‍ ഏകീകരിക്കപ്പെടുമ്പോള്‍ സുതാര്യത വര്‍ധിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥ നടപടികളുടെ നൂലാമാലകളും ഒഴിവായിക്കിട്ടുമെന്നും ശ്രീ. ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.
ജിഎസ്ടിയുടെ വരവോടെ ഇരട്ടനികുതി ഇല്ലാതാകുമെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര-രാജ്യാന്തര വിപണികളില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നും ആമുഖപ്രഭാഷണം നടത്തിയ ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ശ്രീ. ദീപക് എല്‍. അശ്വാനി പറഞ്ഞു. ജിഎസ്ടിയുടെ വിവിധ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും ശില്‍പശാലയില്‍ നടന്നു. ഇരട്ട നികുതി ഇല്ലാതാകല്‍, സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും കുറഞ്ഞ വില എന്നിവയിലൂടെ ജിഎസ്ടി സാധാരണക്കാരന് ഏറെ സഹായകമായിരിക്കുമെന്നും ക്ലാസ് നയിച്ച സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു.
വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ-ബിപ് സിഇഒ ശ്രീ. വി. രാജഗോപാല്‍, ഫിക്കി സംസ്ഥാന കൗണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫിക്കി ഉപാധ്യക്ഷനും കെപിഎംജി പാര്‍ട്‌നറും മേധാവിയുമായ ശ്രീ സച്ചിന്‍ മേനോന്‍, കെപിഎംജി ടാക്‌സ് അഡൈ്വസര്‍ ഭാവന ദോഷി, നികുതി വിദഗ്ധന്‍ ശ്രീ. സവിത് ഗോപാല്‍, കെപിഎംജി പാര്‍ട്‌നര്‍മാരായ ശ്രീ. അശ്വിന്‍ കേല്‍ക്കര്‍, ശ്രീ. എസ്.വി. സുകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.