ജിഎസ്ടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി നികുതി വേണം : പുകയില നിയന്ത്രണ സംഘടനകള്‍

202

തിരുവനന്തപുരം: അടുത്ത ഏപ്രില്‍ മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന ചരക്കുസേവന നികുതി(ജിഎസ്ടി) സംവിധാനത്തില്‍, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി നികുതി ഏര്‍പ്പെടുത്തി പൊതുജനാരോഗ്യം സുരക്ഷിതമാക്കണമെന്ന് പുകയില നിയന്ത്രണ സംഘടനകള്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് സിഗരറ്റുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന് നികുതി നയരൂപീകരണത്തിലേര്‍പ്പെട്ടിരിക്കുന്ന ജിഎസ്ടി സമിതിയോട് അഭ്യര്‍ഥിക്കാന്‍ ടുബാക്കോ ഫ്രീ കേരള ഉള്‍പ്പെടെയുള്ള പുകയില നിയന്ത്രണ പ്രസ്ഥാനങ്ങള്‍ക്കു പ്രേരണയായിരിക്കുന്നത്.
ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിഗരറ്റ്, ബീഡി, പുകരഹിത പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല എന്നിവയ്ക്ക് സാധ്യമായ ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി, സാധാരണക്കാരില്‍ ഇവയുടെ ഉപഭോഗം നിരുല്‍സാഹപ്പെടുത്താനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാനുമാണ് സംഘടനകള്‍ ലക്ഷ്യമിടുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് പുകയില ഉപയോഗം ചെറുക്കാനുള്ള ഏറ്റവും ഫലപ്രദവും അനായാസവുമായ മാര്‍ഗം പരമാവധി നികുതിയിലൂടെ ഉയര്‍ന്ന വില ഏര്‍പ്പെടുത്തുകയാണ്. പുകയില ഉപയോഗം ഏറ്റവുമധികം ബാധിക്കുന്ന യുവാക്കള്‍, ഗര്‍ഭിണികള്‍, നിര്‍ധനര്‍ എന്നിവരെ പുകവലിയില്‍നിന്ന് അകറ്റാന്‍ ഏറ്റവും അനുയോജ്യമാര്‍ഗം ഉയര്‍ന്ന വിലയാണ്. പുകയില വിലയില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമ്പോള്‍, സമ്പന്ന രാജ്യങ്ങളില്‍ പുകവലിയുടെ തോത് നാലുശതമാനവും താരതമ്യേന പിന്നാക്ക-മധ്യനിര രാജ്യങ്ങളില്‍ ആറുശതമാനവും കുറയുന്നതായാണ് കണക്ക്.

പുകവലിക്കാരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ 35 ശതമാനവും പുകവലിക്കാരാണ്. വര്‍ഷം തോറും പത്തുലക്ഷം ഇന്ത്യക്കാര്‍ പുകവലി കാരണമുള്ള രോഗങ്ങളാല്‍ മരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ മരണങ്ങളുടെ 13 ശതമാനത്തിനും കാരണം പുകവലിയാകും. പുകവലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും രാജ്യത്ത് വളരെ കൂടുതലാണ്. പുകവലി കാരണമുള്ള നേരിട്ടുള്ള ചികില്‍സാച്ചെലവ്, ദേശീയ ചികില്‍സാച്ചെലവിന്റെ 21 ശതമാനമാണ്.

ഇന്ത്യയില്‍ സിഗരറ്റുകള്‍ക്ക് ചില്ലറവില്‍പ്പന വിലയി•േലുള്ള നികുതി അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലുമുള്ളതിനേക്കാള്‍ കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ജോധ്പൂര്‍ ഐഐടി അസിസ്റ്റന്റ് പ്രഫസറായ ഡോ. റിജോ എം. ജോണ്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള കേന്ദ്ര എക്‌സൈസ് തീരുവയോടൊപ്പം 40 ശതമാനം ജിഎസ്ടി കൂടി ഏര്‍പ്പെടുത്തിയാലും പുകയില ഉല്‍പ്പന്നങ്ങളുടെ വിലനിലവാരത്തില്‍ ഇപ്പോഴുള്ളതില്‍നിന്ന് വര്‍ധന ഉറപ്പാക്കാനാവില്ല. ജിഎസ്ടി നിലവില്‍ വന്നുകഴിഞ്ഞാലും, കാലാകാലങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പുവരുത്താന്‍, മേല്‍നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഡോ. റിജോ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ നികുതി സമ്പ്രദായത്തില്‍ വിവിധ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത നികുതിയാണ്. പുകയില വിപണിയുടെ 48 ശതമാനം വരുന്ന ബീഡി ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്.

ജിഎസ്ടിയില്‍ ബീഡിക്ക് ഏറ്റവും ഉയര്‍ന്ന നികുതി തന്നെ ഉറപ്പാക്കണമെന്ന് ഉത്തര്‍പ്രദേശിലെ ആറായിരത്തോളം വരുന്ന ബീഡി തൊഴിലാളികളുടെ പ്രതിനിധിയും അബ്ദുല്‍ കലാം ആസാദ് ജനസേവ സന്‍സ്ഥാന്‍ സെക്രട്ടറിയുമായ ശ്രീ. നിസാം അന്‍സാരി ആവശ്യപ്പെടുന്നു. ആരോഗ്യത്തിനു ദോഷമായ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി ജിഎസ്ടി സമ്പ്രദായം മാതൃകാപരമായി മാറണണെന്ന് ഉപഭോക്തൃ സംഘടനയായ കണ്‍സ്യൂമര്‍ വോയ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ശ്രീ അഷിം സന്യാലും പറഞ്ഞു.

NO COMMENTS

LEAVE A REPLY